ന്യൂഡൽഹി: പാർലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമർശത്തിൽ കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിക്ക് നോട്ടീസ്. പാർലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ എന്നിവർ രാഹുലിനെതിരെ അവകാശ ലംഘനത്തിന് പരാതി നൽകിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരെ സഭയിൽ കള്ളം പറഞ്ഞുവെന്നായിരുന്നു പരാതി. ബുധനാഴ്ചക്കകം മറുപടി നൽകാനാണ് നോട്ടീസിലെ നിർദേശം.
രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. അദാനിയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
എന്നാൽ ഇത് തെറ്റിദ്ധാരണ പരത്തുന്നതും ആക്ഷേപകരവുമാണ് എന്നാരോപിച്ച് ബി.ജെ.പി. രംഗത്തെത്തുകയും പരാതി നൽകുകയുമായിരുന്നു. തെളിവുകളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചു എന്നായിരുന്നു ബിജെപിയുടെ പരാതി.
തുടർന്ന് മോദിക്കെതിരായ രാഹുൽ ഗാന്ധിയുടേയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേയും പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കംചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
ഇതിനിടെ, ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പാണ് കോൺഗ്രസ് പ്രവർത്തകർ ഒരുക്കിയത്. കെ. സുധാകരൻ, കെ.സി. വേണുഗോപാൽ എന്നിവർ ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിച്ചു.
ഞായറാഴ്ച രാത്രി വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ ഗാന്ധി, തിങ്കളാഴ്ച വയനാട്ടിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കും. ശേഷം തിങ്കളാഴ്ച രാത്രിയോടെ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.