ശോഭാ സുരേന്ദ്രന്റെ നോട്ടീസുകള്‍ കെട്ടുപൊട്ടിക്കാത്ത നിലയില്‍; ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്നെന്ന് ആരോപണം

തിരുവനന്തപുരം: കഴക്കൂട്ടത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ അഭ്യര്‍ഥനാ നോട്ടീസുകള്‍ കണ്ടെത്തിയത് വിവാദത്തില്‍. കെട്ട് പൊട്ടിക്കാത്ത നിലയിലുള്ള അഭ്യര്‍ഥനാ നോട്ടീസുകളാണ് കണ്ടെത്തിയത്.
മണ്ഡലത്തില്‍ തന്നെയുള്ള ഒരു ബിജെപി നേതാവിന്റെ വീടിന് സമീപത്ത് നിന്നാണ് കെട്ടുകണക്കിന് നോട്ടീസുകള്‍ കണ്ടെത്തിയത്.

കവറില്‍ നിന്നും പൊട്ടിക്കാത്ത നിലയിലാണ് നോട്ടീസുകളില്‍ ചിലത്. ഈ നേതാവിന്റെ വീട്ടില്‍ ശോഭാ സുരേന്ദ്രന്റെ അനുഭാവികളില്‍ ചിലര്‍ പോയപ്പോഴാണ് നോട്ടീസുകള്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് വീഡിയോയില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ ശോഭാ സുരേന്ദ്രന്‍ തയ്യാറായില്ല.

തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഓഫീസില്‍ ഇറക്കിവെച്ചിരുന്ന നോട്ടീസുകള്‍ ആരോ വീഡിയോയില്‍ പകര്‍ത്തുകയും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനായി ഇപ്പോള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതാണെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍ എസ് രാജീവ് പറഞ്ഞു.