KeralaNews

പുറത്തുവന്നത് ഒന്നുമല്ല, വീണ വാങ്ങിയ പണത്തിന്റെ കണക്ക് വന്നാൽ കേരളം ഞെട്ടും :കുഴൽനാടൻ

തൊടുപുഴ: മുഖ്യമന്ത്രിയെ പിണറായി വിജയനെ ചോദ്യമുനയില്‍ നിര്‍ത്തി മകള്‍ വീണാ വിജയനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ കണക്ക് പുറത്ത് വന്നാല്‍ കേരളം ഞെട്ടുമെന്ന് കുഴല്‍നാടന്‍ പറഞ്ഞു. പുറത്ത് വന്ന തുക വളരെ ചെറുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നികുതി അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതല്ല തന്റെ ചോദ്യം. അങ്ങനെ ആക്കി തീര്‍ക്കാന്‍ ചില നീക്കം സിപിഎം നേതാക്കള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും കുടുംബവും നടത്തിയ വലിയ കൊള്ള കേരളത്തിന് കാണിച്ചുകൊടുക്കുന്നതിന് വേണ്ടിയാണ് തന്റെ പോരാട്ടം. വീണയുടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌സും ജിഎസ്ടി രേഖകളും പുറത്ത് വന്നാല്‍ കേരളം ഞെട്ടും. നേരിട്ട് ഇത്രയും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ അതല്ലാത്തത് എത്രയായിരിക്കുമെന്ന് ചിന്തിക്കണം’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുന്ന പ്രക്രിയയാണ് ഇവിടെ നടന്നത്. കേരളത്തിലെ ആളുകളുടെ ഇതുവരെ ഉണ്ടായിരുന്ന ധാരണ മുഖ്യമന്ത്രിയുടെ മകള്‍ കഠിനാധ്വാനം ചെയ്ത് ഒരു കമ്പനിയുണ്ടാക്കി അതില്‍ നിന്നാണ് പണം ഉണ്ടാക്കിയത് എന്നാണ്. എന്നാല്‍ കമ്പനി 73 ലക്ഷം രൂപ നഷ്ടത്തിലാണ് അവസാനിച്ചത്. ഏത് ക്രൈം ചെയ്താലും തെളിവിനുള്ള ഒരു നൂല് ബാക്കിയുണ്ടാകും. 2013-14 മുതല്‍ 2019-20 വരെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിലിന്റെ കണക്കുകളില്‍ ഉണ്ടായിരുന്ന തെറ്റായ കാര്യങ്ങളെ കുറിച്ച് ആദായ നികുതി വകുപ്പ് പരിശോധിക്കുകയും അതിന്റെ ഭാഗമായി റെയ്ഡ് നടത്തുകയും ചെയ്തു. അതില്‍ നിന്ന് ഉള്‍തിരിഞ്ഞ് വന്ന കാര്യങ്ങളാണ് നമ്മുടെ മുന്നിലെത്തിയത്.

ഇതിന്റെ ഭാഗമായി ചെയ്യാത്ത സേവനങ്ങള്‍ക്ക് 1.72 കോടി രൂപ നല്‍കിയതായി കണ്ടെത്തി. മുഖ്യമന്ത്രിയുടെ മകളും കമ്പനിയുമാണ് ഈ പണം കൈപ്പറ്റിയിരിക്കുന്നത്.

ഒരു കമ്പനിയുടെ കണക്കിലുണ്ടായ ക്രമക്കേടിന്റെ പേരില്‍ മാത്രം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 1.72 കോടി രൂപയുടെ കൈമാറ്റം നടന്നിരിക്കുന്നത്. ഇതിലും എത്രയോ കൂടുതല്‍ പണമാണ് വീണ കൈപ്പറ്റിയിട്ടുള്ളത്. ഒരു കമ്പനിയില്‍ നിന്ന് ഇത്രയും കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ എത്ര കമ്പനികളില്‍ ഇതുപോലെ കൈപ്പറ്റിയിട്ടുണ്ടാകും. ധാര്‍മികത ഒന്ന് കൊണ്ട് മാത്രമാണ് വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാത്തതെന്നും കുഴല്‍നാടന്‍ പറഞ്ഞു.

‘എക്‌സാലോജിക് എന്ന കമ്പനിയുടെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത് എജ്യുക്കേഷനുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍ ഡെവലപ്പ് ചെയ്തിട്ടുണ്ടെന്നും അതാണ് കമ്പനിയുടെ പ്രധാന കാര്യമെന്നും പറയുന്നു. കരിമണല്‍ കമ്പനിക്ക് എന്തിനാണ് എജ്യുക്കേഷന്‍ സോഫ്റ്റ് വെയര്‍…?.ഒരു സര്‍വീസും നടത്താതെ വീണാ വിജയനും എക്‌സാലോജികും കോടാനുകോടി രൂപയാണ് കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റിയിട്ടുള്ളത്. 1.72 കോടി രൂപയല്ല കൈപ്പറ്റിയതെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ ഈ തുകയുടെ വലുപ്പം കേരളത്തിന് വ്യക്തമാകും.

വീണയുടെ വക്കാലത്ത് ഏറ്റെടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനോട് ദിവസങ്ങളായി ഞാന്‍ ചോദിക്കുന്നുണ്ട്, അവരുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുമോ എന്ന്. CPMതാക്കള്‍ വെല്ലുവിളിച്ചെങ്കിലും എന്തുകൊണ്ടാണ് അക്കൗണ്ടും രേഖകളും പുറത്ത് വിടാന്‍ അവര്‍ക്ക് സാധിക്കാത്തതെന്നും കുഴല്‍നാടന്‍ ചോദിച്ചു.മുഖ്യമന്ത്രിയുടെ മകളും അവരുടെ കമ്പനിയും ഇന്ന് ജിഎസ്ടി അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button