26.4 C
Kottayam
Wednesday, May 22, 2024

ഇടവേള എടുത്തതല്ല, മനപ്പൂര്‍വ്വം എന്നെ ഒഴിവാക്കിയതാണ്! തുറന്ന് പറഞ്ഞ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

Must read

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. മിമിക്രി വേദികളിലൂടെയാണ് ധര്‍മ്മജന്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷനിലേക്ക് എത്തുകയായിരുന്നു. മിമിക്രിയിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയും ഒരുപാട് ആരാധകരെ സ്വന്തമാക്കാന്‍ ധര്‍മ്മജന് സാധിച്ചിട്ടുണ്ട്. തുടര്‍ന്നാണ് സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ മലയാളത്തിലെ തിരക്കേറിയ ഹാസ്യ നടനാകാനും ധര്‍മ്മജന് സാധിച്ചു.

ഇന്ന് അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ധര്‍മ്മജന്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ നേട്ടങ്ങളൊക്കെ താന്‍ സ്വന്തമാക്കിയത് ചാന്‍സ് ചോദിക്കാതെ ആണെന്നാണ് ധര്‍മ്മജന്‍ പറയുന്നത്. കരിയറില്‍ ഇതുവരെ തനിക്ക് ചാന്‍സ് ചോദിക്കേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

Dharmajan Bolgatty

സിനിമയില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത ശേഷം തിരികെ വരികയാണ് ധര്‍മ്മജന്‍. എന്തുകൊണ്ടാണ് ഒരു ഗ്യാപ്പ് വന്നത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ധര്‍മ്മജന്‍. തന്നെ ഒഴിവാക്കിയതാണെന്നാണ് ധര്‍മ്മജന്‍ തമാശരൂപേണെ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

”എന്നെ മനപ്പൂര്‍വ്വം ഒഴിവാക്കിയതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. കൊറോണയുടെ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നല്ലോ. പിന്നെ ഞാന്‍ സിനിമയ്ക്ക് വേണ്ടി വിളിക്കലൊന്നുമില്ല. ആളുകളെ കോണ്ടാക്ട് ചെയ്യലോ വിളിക്കലോ ഒന്നും എന്റെ ഭാഗത്തു നിന്നുമുണ്ടാകാറില്ല. സിനിമയെ പറ്റി അന്വേഷിക്കുകയോ തിരക്കഥൃത്തുകളെ വിളിച്ച് വേഷം തരുമോ എന്ന് ചോദിക്കുകയോ ചെയ്തിട്ടില്ല. അതിന്റെയൊക്കെയായിരിക്കും”.

ജീവിതത്തില്‍ ഇതുവരെ ചാന്‍സ് ചോദിച്ചിട്ടില്ല. എങ്ങനെയാണ് വരുന്നതെന്ന് അറിയില്ല. ഭയങ്കര ആവശ്യക്കാരനാണെങ്കില്‍ മാത്രമേ നമ്മളെ ഒരു സിനിമയിലേക്ക് വിളിക്കുകയുള്ളൂ. നമ്മള്‍ പക്ഷെ അത്ര ആവശ്യമുള്ളയാളല്ല എന്നാണ് താരം പറയുന്നത്. പകരക്കാരുള്ള മേഖലയായി മാറിയല്ലോ സിനിമ. പണ്ട് അങ്ങനെയായിരുന്നില്ല. ഇപ്പോള്‍ നമ്മളില്ലെങ്കില്‍ വേറെ ആളുണ്ട്. നമ്മള്‍ ചോദിക്കുന്നുമില്ല, അവര്‍ തരുന്നുമില്ല. എനിക്കതില്‍ പരാതിയുമില്ല. ഇതൊക്കെ ബോണസാണെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ക്കുന്നു.

നാട്ടിന്‍പുറത്ത് ജീവിച്ച് വളര്‍ന്നതാണ്. മിമിക്രി, കാസറ്റ്, ഷോ എഴുത്ത്, ടിവി അങ്ങനെയാണല്ലോ വന്നത്. പെട്ടെന്ന് വന്നതല്ല, പടി പടിയായി വന്നതാണ്. പെട്ടെന്ന് പൊട്ടി മുളച്ച ആളല്ല. പതുക്കെ പതുക്കെ കഷ്ടപ്പട്ടാണ് വന്നത്. സിനിമയിലും ചാന്‍സ് ചോദിച്ചിട്ടില്ല. ദിലീപേട്ടനായിട്ടാണ് കൊണ്ടു വന്നതായിരുന്നു. മിമിക്രിയിലും ഒരിടത്തും ചാന്‍സ് ചോദിക്കേണ്ടി വന്നിട്ടില്ല. എഴുത്തായിരുന്നു മേഖല. ഒരു ഘട്ടത്തില്‍ അഭിനയത്തിലേക്ക് വഴുതി വീണതാണെന്നും ധര്‍മ്മജന്‍ പറയുന്നു.

Dharmajan Bolgatty

എന്നാല്‍ താന്‍ ഇനി മുതല്‍ ചാന്‍സ് ചോദിക്കുമെന്നും നല്ല വേഷങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണതെന്നും ധര്‍മ്മജന്‍ പറയുന്നു. ഇനി ചോദിക്കണം എന്ന് ആഗ്രഹമുണ്ട്. ഇനി ചോദിക്കും. ജയസൂര്യയൊക്കെ പറയാറുണ്ട്. ജയനൊക്കെ ഇപ്പോഴും ചാന്‍സ് ചോദിക്കും. നല്ല വേഷങ്ങള്‍ കിട്ടാന്‍ അവനൊക്കെ ഇപ്പോഴും ചോദിക്കും. എന്റെ ക്യാരക്ടറിന്റെ പ്രശ്‌നമാകും. ചോദിച്ചിട്ടില്ല. പക്ഷെ ഇനി ചോദിക്കണം, നല്ല വേഷം കിട്ടുമോ എന്നാണ് ധര്‍മ്മജന്‍ പറയുന്നത്.

പാപ്പി അപ്പച്ചായിലൂടെയായിരുന്നു ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ അരങ്ങേറ്റം. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, പുതിയ തീരങ്ങള്‍, സൗണ്ട് തോമ, ആട് ഒരു ഭീകരജീവി ആണ്, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഗോദ, ചങ്ക്‌സ്, ആട് 2, തുടങ്ങിയ നിരവധി ഹിറ്റുകളുടെ ഭാഗമാകാന്‍ ധര്‍മ്മജന് സാധിച്ചു. തിരിമാലിയാണ് ധര്‍മ്മജന്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ദിലീപ് നായകനായ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമടക്കമുള്ള സിനിമകള്‍ ഇപ്പോള്‍ ധര്‍മ്മജന്റേതായി അണിയറയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week