നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ നിര്‍ണ്ണായക നീക്കവുമായി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ ഉപഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. ഡിജിറ്റൽ തെളിവുകൾ സൂക്ഷിക്കുന്നതിൽ സർക്കുലർ വേണമെന്നാണ് സർക്കാരിന്റെ ആവശ്യം. ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശം സർക്കുലറായി കീഴ്‌ക്കോടതികൾക്ക് നൽകണമെന്നും സർക്കാർ ആവശ്യപ്പെടുന്നു. ഇന്ന് ഹൈക്കോടതിയുടെ ജസ്റ്റിസ് കെ ബാബുവിന്റെ സിംഗിൾ ബെഞ്ചിൽ സർക്കാരിന്റെ ഉപഹർജി പരിഗണിക്കും.


കേസിലെ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണം ശരിവച്ച് ജില്ലാ ജഡ്‌ജിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ് ജില്ലാ ജഡ്‌ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവർക്കെതിരെയായിരുന്നു കണ്ടെത്തൽ.

2018 ജനുവരി ഒന്നിന് രാത്രി 11.56ന് അങ്കമാലി കോടതിയിലെ മജിസ്‌ട്രേറ്റ് ലീന റഷീദും ഡിസംബർ 13ന് രാത്രി 10.58ന് എറണാകുളം സെഷൻസ് കോടതിയിലെ ബെഞ്ച് ക്ലാർക്ക് മഹേഷ് മോഹനും 2021 ജൂലായ് 19ന് പകൽ വിചാരണക്കോടതിയിലെ ശിരസ്തദാർ താജുദ്ദീനും മെമ്മറികാർഡിലെ ദൃശ്യങ്ങൾ പരിശോധിച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ താജുദ്ദീന്റെ നടപടി മാത്രമാണ് നിയമവിരുദ്ധമെന്നും റിപ്പോർട്ടിലുണ്ട്.

ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ റിപ്പോർട്ട് അതിജീവിതയ്ക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ അപ്പീൽ ഹെെക്കോടതി തള്ളിയിരുന്നു. ഹെെക്കോടതി ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. ജില്ലാ ജഡ്ജി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി പകർപ്പ് അതിജീവിതയ്ക്ക് നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ദിലീപ് അപ്പീൽ നൽകിയത്.

ജസ്റ്റിസുമാരായ എം നഗരേഷ്, പി എം മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. തീർപ്പാക്കിയ ഹർജിയിൽ പുതിയ ആവശ്യങ്ങൾ പരിഗണിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് ദിലീപ് കോടതിയിൽ വാദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News