EntertainmentNationalNews

നാഗചൈതന്യക്കൊപ്പം കീര്‍ത്തിയല്ല, മത്സ്യത്തൊഴിലാളികളുടെ കഥ പറയാൻ നടി സായ് പല്ലവി

ഹൈദരാബാദ്‌:തെന്നിന്ത്യയൊട്ടാകെ പ്രിയങ്കരിയായ സായ് പല്ലവിയുടെ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ കേരളത്തിന്റെ പ്രിയം നേടിയ സായ് പല്ലവി ഇപ്പോള്‍ മറ്റ് തെന്നിന്ത്യൻ ഭാഷകളിലാണ് സജീവം. സായ് പല്ലവി നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നാഗചൈതന്യയുടെ നായികയായി സായ് പല്ലവി വീണ്ടുമൊരു ചിത്രത്തില്‍ എത്തുകയാണ്.

മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തിലാണ് സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്നത്. കീര്‍ത്തി സുരേഷിനെയായിരുന്നു നാഗചൈതന്യയുടെ പുതിയ ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. സംവിധായകൻ ചന്ദൂ മൊണ്ടേടി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ പെര്‍ഫോമൻസിന് പ്രധാന്യമുള്ള ഒരു വേഷമാണ് സായ് പല്ലവിക്ക് ലഭിച്ചിരിക്കുന്നതും.

ശിവകാര്‍ത്തികേയൻ നായകനായുള്ള എസ്‍കെ 21 സിനിമയിലും സായ് പല്ലവിയാണ് നായിക. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമിയാണ്. വേറിട്ട ലുക്കിലായിരിക്കും ഒരു യുദ്ധ സിനിമയായി ഒരുക്കുന്ന എസ്‍കെ 21ല്‍ ശിവകാര്‍ത്തികേയൻ എത്തുക. കശ്‍മീരും ഒരു ലൊക്കേഷനാകുന്ന ശിവകാര്‍ത്തികേയൻ ചിത്രം നിര്‍മിക്കുന്നത് കമല്‍ഹാസന്റെ രാജ്‍ കമലാണ്.

ബോളിവുഡിലും സായ് പല്ലവി ഒരു സിനിമയില്‍ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ബോളിവുഡിന്റെ പ്രിയപ്പെട്ട ആമിര്‍ ഖാന്റെ മകൻ ജുനൈദ് ഖാൻ നായകനാകുന്ന പുതിയ ചിത്രത്തിലായിരിക്കും സായ് പല്ലവി നായികയാകുക എന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവിയുടെ നായികാ വേഷമാണ് ചിത്രത്തില്‍ പ്രധാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംവിധാനം സുനില്‍ പാണ്ഡെ ആണ്.

സായ് പല്ലവി നായികയാകുന്ന ചിത്രത്തില്‍ ആരൊക്കെ മറ്റ് വേഷത്തില്‍ എത്തുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ആദ്യമായിട്ടാണ് സായ് പല്ലവി ബോളിവുഡ് ചിത്രത്തില്‍ നായികയാകാൻ ഒരുങ്ങുന്നത്. അതുകൊണ്ട് ആരാധകരും ആവേശത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button