മുംബയ് : ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി. സവർക്കർക്കെതിരെയുള്ള പ്രചാരണത്തിൽ നിന്ന് കോൺഗ്രസ് പിൻമാറും, മഹാസഖ്യത്തിലെ പ്രധാന രാഷ്ട്രീയപാർട്ടികൾക്ക് വ്യത്യസ്ത അഭിപ്രായം ആയതിനാൽ സവർക്കർ വിഷയം ഉയർത്തേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതായി മുതിർന്ന നേതാവ് പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു.
പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ കോൺഗ്രസ് നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ പേര് ഗാന്ധിയെന്നാണെന്നും മാപ്പ് പറയാൻ സവർക്കറല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സവർക്കറെ അധിക്ഷേപിക്കുന്നത് സഹിക്കില്ലെന്ന് രാഹുലിന് മുന്നറിയിപ്പുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ രംഗത്തെത്തി, ഇതിനെതുടർന്നാണ് കോൺഗ്രസിന്റെ ചുവട് മാറ്റം.
മഹാസഖ്യത്തിലെ പാർട്ടികൾക്കിടയിൽ സവർക്കറിനെകുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുള്ളതിനാൽ അദ്ദേഹത്തിന്റെ വിഷയം ഉന്നയിക്കേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചതായി പൃഥ്വിരാജ് ചൗഹാൻ വാർത്താഏജൻസിയോട് പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിന്റെ സത്യാവസ്ഥ ജനങ്ങൾ തീരുമാനിക്കട്ടെ. അതിൽ ക്ഷമാപണം നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സവർക്കർക്കെതിരായ പരാമർശത്തിനെതിരെ ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗവും ബി.ജെ.പിയും രംഗത്തുവന്നിരുന്നു.