‘അവസാനത്തെയാൾ പോകുമ്പോൾ ഓഫീസിന്റെ ഫാനും ലൈറ്റും ഓഫാക്കാൻ മറക്കരുത്, വൈദ്യുതി അമൂല്യമാണ്’;അനിൽ ആന്റണിയുടെ ബിജെപി പ്രവേശത്തിന് പിന്നാലെ ട്രോളുമായി എം എം മണി

ഇടുക്കി:മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നത് വ്യാഴാഴ്‌ച വൈകിട്ടോടെയാണ്. അനിൽ ആന്റണിയുടെ ബിജെപി പ്രവേശത്തെ കോൺഗ്രസിൽ പല നേതാക്കളും ശക്തമായ ഭാഷയിലും ചിലർ നിരാശാജനകം എന്നും വിശേഷിപ്പിച്ചിരുന്നു. ഇതിനിടെ അനിൽ ആന്റണിയുടെ ബിജെപി പ്രവേശത്തിൽ കോൺഗ്രസിന്റെ നേരെ പരിഹാസവും ഉയരുന്നുണ്ട്. മുതിർന്ന സിപിഎം എംഎൽഎയും മുൻ വൈദ്യുതി മന്ത്രിയുമായ എം.എം മണിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് അത്തരത്തിലൊന്നാണ്.

വൈദ്യുതി അമൂല്യമാണെന്ന ഓ‌ർമ്മപ്പെടുത്തലാണ് മണി ഫേസ്‌ബുക്ക് കുറിപ്പിലൂടെ നടത്തുന്നത്. അവസാനത്തെയാൾ പോകുമ്പോൾ ഓഫീസിന്റെ ഫാനും ലൈറ്റും ഓഫാക്കാൻ മറക്കരുത്. വൈദ്യുതി അമൂല്യമാണ്. പാഴാക്കരുത് എന്നാണ് കുറിപ്പിൽ ഒപ്പം നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും എന്ന പരിഹാസവും പോസ്‌റ്റിലുണ്ട്.

ബി.ജെ.പിയുടെ 44ാം സ്ഥാപക ദിനത്തിലാണ് അനിലിന്റെ രംഗ പ്രവേശം. ഇക്കഴിഞ്ഞ ജനുവരിയിൽ കോൺഗ്രസിലെ ഔദ്യോഗിക പദവികൾ ഒഴിഞ്ഞ അനിൽ ഇന്ന് പ്രാഥമികാംഗത്വവും രാജിവച്ചു. തുടർന്ന് ബി.ജെ.പി ദേശീയ ആസ്ഥാനത്ത് കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിൽ നിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെയും സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെയും സാന്നിദ്ധ്യത്തിലായിരുന്നു ഇത്. തുടർന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്തി.

ഒരു കുടുംബത്തെ മാത്രം സേവിക്കുന്ന കോൺഗ്രസിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന്, ഗാന്ധി കുടുംബത്തെ പരോക്ഷമായി ആക്രമിച്ച് അനിൽ പറഞ്ഞു. മനുസ്മൃതിയിലെ ‘ധർമ്മോ രക്ഷതി രക്ഷിതാഹാ’ (ധർമ്മത്തെ സംരക്ഷിക്കുന്നവനെ അതു രക്ഷിക്കും) എന്ന സംസ്‌കൃത വാചകം ഉദ്ധരിച്ചായിരുന്നു ബി.ജെ.പിയിൽ ചേർന്നതിനെ ന്യായീകരിച്ചുള്ള അനിലിന്റെ ആദ്യ വാചകം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News