നോര്‍വേ:പൊതുതെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചെടുത്ത് ഇടതുപക്ഷം. യൂനാസ് ഗാര്‍ സ്‌റ്റോറെയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. വടക്കന്‍ യൂറോപ്പിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരായ നോര്‍വേ, ഓയില്‍ വിപണിയെ ആശ്രയിച്ച് രാജ്യത്തിന് എത്രകാലം പിടിച്ചുനില്‍ക്കാമെന്ന ചോദ്യമാണ് പ്രചാരണത്തില്‍ പ്രധാനമായി ഉന്നയിച്ചത്.
കണ്‍സര്‍വേറ്റീവ് പ്രധാനമന്ത്രി എര്‍ണ സോള്‍ബെര്‍ഗ് നേതൃത്വം നല്‍കുന്ന വലതുപക്ഷത്തെയാണ് ലേബര്‍ പാര്‍ട്ടി തോല്‍പ്പിച്ചത്. 2013മുതല്‍ വലതുപക്ഷ സഖ്യമാണ് നോര്‍വേ ഭരിക്കുന്നത്. 169 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് ഇടതുകക്ഷികള്‍ 100 സീറ്റ് നേടി.
ലേബര്‍ പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതോടെ പ്രതിപക്ഷ കക്ഷികളായ ഗ്രീന്‍സ്,കമ്മ്യൂണിസ്റ്റ് റെഡ് പാര്‍ട്ടി എന്നിവയുടെ പിന്തുണ തേടേണ്ടി വരില്ല. നേരത്തെ ഇടതുപക്ഷ കക്ഷികള്‍ക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം ലഭിക്കുമോ എന്ന് ആശങ്കയുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ച ഇടതുപക്ഷത്തെ പ്രധാനമന്ത്രിയായിരുന്ന സോള്‍ബെര്‍ഗ് അഭിനന്ദിച്ചു.