കൊച്ചിയില്‍ പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി നാടുകടത്തല്‍ ഭീഷിണിയില്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി യാന്‍ മേതെ യോഹാന്‍സണ്‍ കൊച്ചിയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് യാന്‍ മേതെ യോഹാന്‍സണിനെ നാടുകടത്താനാണു നടപടികള്‍ ആരംഭിച്ചത്. കൊച്ചിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലാണു യാന്‍ മേതെ പങ്കെടുത്തത്.
കൊച്ചിയിലെ പ്രതിഷേധത്തിന്റെയും അതില്‍ പങ്കെടുത്തതിന്റെയും ചിത്രങ്ങള്‍ യാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ലോംഗ് മാര്‍ച്ച് സംബന്ധിച്ച കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം അവര്‍ പങ്കുവച്ചിരുന്നു. ഇതാണു പ്രശ്‌നമായത്. ഇവരെ കൊച്ചിയിലെ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്ആര്‍ആര്‍ഒ) അധികൃതര്‍ ചോദ്യം ചെയ്തു. ടൂറിസ്റ്റ് വീസയിലാണു യാന്‍ കേരളത്തിലെത്തിയത്. 21 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണു യാന്‍ താമസിക്കുന്നത്.
ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ യാനെയ്ക്കു മാര്‍ച്ച് വരെ വീസ കാലാവധിയുണ്ട്. 2014 മുതല്‍ യാന്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരേ ചെന്നൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍താലിലെ തിങ്കളാഴ്ച നാടുകടത്തിയിരുന്നു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥിയായ ജേക്കബ് ലിന്‍ഡന്‍താലിനെ ഒരു സെമസ്റ്റര്‍ ബാക്കിനില്‍ക്കെയാണു രാജ്യത്തുനിന്നു പുറത്താക്കിയത്. ട്രിപ്‌സണ്‍ സര്‍വകലാശാലയില്‍നിന്നു ഫിസിക്‌സില്‍ ഉപരിപഠനത്തിന് എത്തിയതായിരുന്നു ജേക്കബ്.