കല്‍പ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
വെറ്ററിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അതിരൂക്ഷമായ വയറിളക്കവും, ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇവരുടെ മലം പരിശോധനയ്ക്കായി അയക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം സ്ഥലം തീരുമാനിച്ചത്.
വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസിന്റെ ലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും അസുഖം മൂര്‍ച്ഛിക്കുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരെ സമീപിക്കുക.
മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗ ബാധയേറ്റ ആളുകളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടെങ്കില്‍ രോഗം പടരും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. പ്രായഭേദമന്യേ ഇത് എല്ലാവരിലും പടര്‍ന്നുപിടിക്കും. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം കുടിക്കേണ്ടതുമാണ്.