തിരുവനന്തപുരം: മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായുളള നോര്‍ക്ക തുടങ്ങിയ ഓണ്‍ലന്‍ രജിസ്‌ട്രേഷന് വന്‍തിരക്ക്. വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായി ആദ്യ മണിക്കൂറുകളില്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്ന് 25000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരുന്ന രജിസിട്രേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് രജിസ്‌ട്രേഷന്‍ തുടങ്ങാനായത്.
മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് പ്രവാസി രജിസ്‌ട്രേഷനായുളള നോര്‍ക്ക വെബ്‌സൈറ്റ് പ്രവര്‍ത്തനക്ഷമമായത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഉച്ചക്ക് ഒരു മണി മുതല്‍ തുടങ്ങുമെന്നായി പിന്നീടുളള വിശദീകരണം. വൈകുന്നേരത്തോടെയാണ് വെബ്‌സൈറ്റ് പ്രവര്‍ത്തന സജ്ജമായത്. www.registernorkaroots.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍.
തിരിച്ചെത്തുന്നവരുടെ കൃത്യമായ കണക്ക് കിട്ടാനും നിരീക്ഷണ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിനുമാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ആദ്യ പരിഗണന എന്നില്ല. അത് കൊണ്ട് ആരും തിരക്ക് കൂട്ടേണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുന്നു. ഗര്‍ഭിണികള്‍, പലതരം രോഗമുള്ളവര്‍ , സന്ദര്‍ശക വിസയില്‍ പോയവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷനും നോര്‍ക്ക ഉടന്‍ തുടങ്ങും.