കൊച്ചി:തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ നാമനിർദ്ദേശപത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
നാമനിർദേശ പത്രികകൾ തള്ളിയതിനെക്കുറിച്ച് ഇന്ന് നിലപാടറിയിക്കാൻ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകിയിരുന്നു.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന സാഹചര്യത്തിൽ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്.
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിക്കുന്ന ഫോം എയിലെയും ബിയിലെയും പിഴവുകൾ തിരുത്താവുന്നതാണ് എന്നാണ് സ്ഥാനാർത്ഥികൾ ആയ നിവേദിതയുടെയും എൻ ഹരിദാസിന്റെയും വാദം.
കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർഥി എംപി അരവിന്ദാക്ഷന്റെ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
അവധി ദിനമായിരുന്ന ഇന്നലെ അടിയന്തര സിറ്റിംഗ് നടത്തിയാണ് കോടതി കേസ് പരിഗണിച്ചത്. അതേസമയം നാമനിർദ്ദേശ പത്രിക തള്ളിയത് ചോദ്യം ചെയ്തു ദേവികുളത്തെ എൻഡിഎ സ്ഥാനാർഥി ധനലക്ഷ്മിയും ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും.