തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിമാർക്കായി അനുവദിച്ച കാറുകളിൽ 13ാം നമ്പർ ‘അപ്രത്യക്ഷമായി’. ടൂറിസം വകുപ്പ് അറ്റകുറ്റപ്പണി നടത്തി പൊതുഭരണ വകുപ്പിനു കൈമാറിയ കാറുകളിൽ നിന്നു 13ാം നമ്പറിനെ ഒഴിവാക്കിയാണ് മന്ത്രിമാർക്ക് കാറുകൾ അനുവദിച്ചത്. ഒന്നാം നമ്പർ കാർ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയനു തന്നെ. രണ്ടാം നമ്പർ കാർ കെ.രാജനാണ്.. വി.എൻ. വാസവന് 12ാം നമ്പർ കാറാണ് അനുവദിച്ചത്. പട്ടികയിൽ നിന്ന് 13ാം നമ്പർ ഒഴിവാക്കി 14ാം നമ്പർ കാർ പി.പ്രസാദിനാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾക്ക് വരും ദിവസങ്ങളിൽ നമ്പരുകൾ അനുവദിക്കും. ചിലർക്ക് ഇപ്പോൾ താൽക്കാലിക നമ്പർ അനുവദിച്ചിട്ടുണ്ട്.
റോഷി അഗസ്റ്റിൻ –3
എ.കെ.ശശീന്ദ്രൻ– 4
വി.ശിവൻകുട്ടി 5
കെ.രാധാകൃഷ്ണൻ– 6
അഹമ്മദ് ദേവർകോവിൽ–7
എം.കെ.ഗോവിന്ദൻ– 8
ആന്റണി രാജു–9
കെ.എൻ. ബാലഗോപാൽ– 10
പി.രാജീവ്–11
വി.എൻ.വാസവൻ– 12
പി.പ്രസാദ്– 14
കെ.കൃഷ്ണൻകുട്ടി–15
സജി ചെറിയാൻ– 16
ആർ.ബിന്ദു–19
ആർ.ബിന്ദു –19
വീണ ജോർജ്– 20
ജെ.ചിഞ്ചു റാണി 22
പി.എ.മുഹമ്മദ് റിയാസ്–25
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് മന്ത്രിമാർക്കുള്ള കാറുകളുടെ നമ്പർ അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുക. ചിലപ്പോൾ താൽക്കാലിക നമ്പരിട്ടും നമ്പരിടാതെയും സത്യപ്രതിജ്ഞ നടക്കുന്ന സ്ഥലത്ത് കാറുകൾ എത്തിക്കാറുണ്ട്.
129 കാറുകളാണ് വിനോദ സഞ്ചാര വകുപ്പിന്റെ പക്കലുള്ളത്. രണ്ടു വർഷം മുൻപു, ആറു കോടി രൂപ ചെലവഴിച്ചു വാങ്ങിയ കാറുകൾ അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് പൊതുഭരണ വകുപ്പിന് ഇപ്പോൾ കൈമാറിയത്. ഇവയാണ് മന്ത്രിമാർക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
ഇപ്പോൾ അറ്റകുറ്റപ്പണി നടത്തി കൈമാറിയ കാറുകളിലൊന്നിൽ പോലും 13ാം നമ്പർ ഇല്ല. കഴിഞ്ഞ തവണ രണ്ടാം നമ്പർ കാർ റവന്യു മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്റേതായിരുന്നു. മൂന്നു വർഷം കൂടുമ്പോൾ മന്ത്രിമാർ പുതിയ കാറിന് അർഹരാണ്. അല്ലെങ്കിൽ ഒരു വർഷം ഒരു ലക്ഷം കിലോമീറ്റർ ഓടിയിരിക്കണം. എന്നാൽ, ഒരു മാസത്തിൽ തന്നെ പല മന്ത്രിമാരും ഒരു ലക്ഷം കിലോമീറ്റർ പിന്നിടുന്ന സ്ഥിതിയാണ് പലപ്പോഴും.
വി.എസ്.അച്യുതാനന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എം. ബേബിയും കഴിഞ്ഞ സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കും 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയെന്ന കൗതുകവുമുണ്ട്. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തിൽ 13ാം നമ്പർ കാർ ഏറ്റെടുക്കാൻ പല മന്ത്രിമാരും മടിച്ചു നിന്നപ്പോൾ മന്ത്രി തോമസ് ഐസക് മുന്നോട്ടു വരികയായിരുന്നു.
13ാം നമ്പരിനെ ഇടതു മന്ത്രിമാർക്ക് പേടിയാണെന്നു ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെ, തോമസ് ഐസക്, 13ാം നമ്പർ കാർ നൽകണമെന്നാവശ്യപ്പെടുകയായിരുന്നു. 13ാം നമ്പർ കാറിനായി മുൻ മന്ത്രിമാരായ വി.എസ്.സുനിൽകുമാറും, കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും തോമസ് ഐസക് ഏറ്റെടുത്തു.
13ാം നമ്പർ കാറിന്റെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് തോമസ് ഐസക് അന്ധവിശ്വാസ വിവാദം ‘ആഘോഷിച്ചത്.’ യുഡിഎഫ് മന്ത്രിസഭയിലെ ആരും 13 ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല. 13ാം നമ്പർ കാർ ചോദിച്ചു വാങ്ങിയ എം.എം. ബേബി പിന്നീട് കൊല്ലം ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതും കൗതുകം. 13ാം നമ്പർ കാർ ഏറ്റെടുക്കാൻ മുന്നോട്ടു വന്ന തോമസ് ഐസക് ഇത്തവണ നിയമസഭ കണ്ടതുമില്ല
വിഎസിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാലു മന്ത്രിമാർ മാറി മാറി താമസിച്ചിട്ടും രാശിയില്ലെന്നു മുദ്രകുത്തപ്പെട്ട ബംഗ്ലാവാണ് മൻമോഹൻ ബംഗ്ലാവ്. ഈ ബംഗ്ലാവിൽ താമസിക്കുന്നവർ പിന്നീട് നിയമസഭ കാണാറില്ലത്രെ!
ഇതു വകവയ്ക്കാതെയാണ് തോമസ് ഐസക്, ഒന്നാം പിണറായി മന്ത്രിസഭയിൽ മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ തയാറായത്. പുതിയ മന്ത്രിസഭയിലെ ആരെങ്കിലും ഈ ബംഗ്ലാവിൽ താമസിക്കുമോയെന്നു കാത്തിരുന്നു കാണാം. പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഈ ബംഗ്ലാവ് ഏറ്റെടുക്കുമോയെന്നും കണ്ടറിയണം. കഴിഞ്ഞ തവണ ഈ ബംഗ്ലാവിൽ താമസിച്ച തോമസ് ഐസക്കിന് ഇത്തവണ മത്സരിക്കാൻ സീറ്റും കിട്ടിയില്ല.