തിരുവനന്തപുരം: വി.ഡി. സതീശനെതിരെ അന്വേഷണത്തിന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിജിലൻസിന് അനുമതി നൽകിയില്ല. അൻവർ സാദത്തിനെതിരെയും അന്വേഷണ അനുമതിയില്ല.
അന്വേഷണത്തിന് പര്യാപ്തമായ തെളിവുകൾ പരാതിക്കാർക്ക് ഹാജരാക്കാനായിട്ടില്ലെന്ന് വിലയിരുത്തിയാണ് അനുമതി നൽകാതിരുന്നത്. കൂടുതൽ തെളിവുകൾ ഹാജരാക്കിയാൽ വീണ്ടും പരിശോധിക്കാമെന്ന് സ്പീക്കർ ആഭ്യന്തരവകുപ്പിനെ അറിയിച്ചു. വി.ഡി. സതീശൻ പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിക്ക് ചട്ടങ്ങൾ മറികടന്ന് വിദേശസഹായം കൈപ്പറ്റിയെന്നായിരുന്നു പരാതി.
നേരത്തേ നൽകിയ പരാതി ആഭ്യന്തരവകുപ്പുതന്നെ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ കേസും അന്വേഷണവും പ്രധാനവിഷയമായി ഉയർന്നുതുടങ്ങിയപ്പോഴാണ് നേരത്തേയുള്ള അതേ പരാതിക്കാരൻ വിജലൻസിന് വീണ്ടും പരാതിനൽകിയത്. ഇതിലാണ് അന്വേഷണം നടത്താൻ വിജിലൻസ് സ്പീക്കറുടെ അനുമതിതേടിയത്.ആലുവയിൽ പാലം നിർമാണം വകയിരുത്തിയ തുകയേക്കാളും വർധിപ്പിച്ചാണ് പൂർത്തിയാക്കിയതെന്നായിരുന്നു അൻവർ സാദത്തിനെതിരേയുള്ള പരാതി.