കാരണം കാണിക്കൽ നോട്ടീസിന് സ്റ്റേയില്ല,ഗവര്‍ണര്‍ക്കെതിരായ വിസിമാരുടെ ഹർജിയിൽ ചാൻസിലറോട് വിശദീകരണം തേടി കോടതി 

കൊച്ചി : രാജിവെക്കാൻ രേഖാമൂലം ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത സംസ്ഥാനത്തെ യൂണിവേഴ്സിറ്റി വിസിമാർക്ക് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് കോടതിയിൽ നിന്നും ഇടക്കാല സ്റ്റേയില്ല. കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി പരിഗണിച്ച കേരളാ ഹൈക്കോടതി, ചാൻസിലർ അടക്കമുള്ള എതിർ കക്ഷികളോട് വിശദീകരണം തേടി. ഹർജികൾ നാളെ പരിഗണിക്കാൻ മാറ്റി. ഗവർണർ രാജിയാവശ്യപ്പെട്ട വിസിമാരിൽ ഏഴ് പേരാണ് കാരണം കാണിക്കൽ നോട്ടീസിനെതിരെ കോടതിയെ സമീപിച്ചത്.

 

കേരളാ സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം റദ്ദാക്കിയ സുപ്രിം കോടതി വിധി വന്നതിന് പിന്നാലെയാണ് ഗവർണർ കേരളത്തിലെ മറ്റ് വിസിമാർക്കെതിരെയും വടിയെടുത്തത്. സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടായെന്നാണ് ഗവർണറുടെ ആരോപണം. ചട്ടങ്ങൾ ലംഘിച്ചാണ്  നിയമനങ്ങളുണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണർ വിസിമാരോട് രാജി ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ വിസിമാർ കോടതിയെ സമീപിച്ചു. ഹർജികൾ പരിഗണിച്ച കോടതി വിസിമാരോട് തൽക്കാലം തുടരാൻ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ഗവർണർ, രാജിവെക്കാത്തതിലെ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് വിസിമാർക്ക് നോട്ടീസയച്ചത്. ഇതിന് സ്റ്റേ ആവശ്യപ്പെട്ട് 7 വിസിമാർ വീണ്ടും കോടതി കയറുകയായിരുന്നു. 

നടപടിക്രമങ്ങൾ കോടതിയിൽ നടക്കുമ്പോഴും വിസിമാർക്കെതിരെ വീണ്ടും കടുത്ത നീക്കങ്ങളുമായി ഗവർണർ മുന്നോട്ട് പോകുകയാണ്. നിയമിക്കപ്പെട്ടത് മുതലുള്ള ശമ്പളം വിസിമാരിൽ നിന്നും തിരിച്ചു പിടിക്കാനാണ് തീരുമാനം. ആരിഫ് മുഹമ്മദ് ഖാൻ അടുത്ത ദിവസം സംസ്ഥാനത്ത് തിരിച്ചെത്തിയാലുടൻ ഇക്കാര്യത്തിൽ  ഉത്തരവിറക്കും. നിയമനം യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചായതിനാൽ ശമ്പളം കൈപ്പറ്റിയതും അനർഹമായാണെന്ന് വിലയിരുത്തിയാണ് നടപടി. 

ഗവർണർ ആരിഫ് മുഹമ്മദ് ഖന്റെ ‘പുറത്താക്കൽ’ നടപടിയ്ക്കെതിരെ കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കവേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഗവർണർക്കെതിരെ സർവകലാശാലാ സെനറ്റ് പ്രമേയം പാസാക്കിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. സെനറ്റിന് ഗവർണർക്കെതിരെ പ്രമേയം പാസാക്കാൻ ആകില്ലെന്ന് കോടതി നിരീക്ഷിച്ചു. ചാൻസലർ സെർച്ച് കമ്മിറ്റി രൂപീകരിച്ചതിൽ എതിർപ്പുണ്ടെങ്കിൽ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News