CricketNewsSports

VIRAT KOHLI:കോലി വീണ്ടും റെക്കോഡ് ബുക്കിൽ,ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരം

അഡ്‌ലെയ്ഡ്: ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് വിരാട് കോലിക്ക്. ബുധനാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 16-ല്‍ എത്തിയതോടെ മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധയുടെ റെക്കോഡ് കോലി മറികടന്നു.

ട്വന്റി 20 ലോകകപ്പില്‍ 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സായിരുന്നു ജയവര്‍ധയുടെ സമ്പാദ്യം. ബംഗ്ലാദേശിനെതിരേ 44 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സെടുത്ത കോലിയുടെ റണ്‍നേട്ടം 25 മത്സരങ്ങളില്‍ നിന്ന് 1065 ആയി.

2012-ലാണ് കോലി ആദ്യമായി ടി20 ലോകകപ്പില്‍ കളിക്കുന്നത്. ഇതിനോടകം 13 അര്‍ധ സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്. 2016-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ട്വന്റി 20 ലോകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

വിരാട് കോലി (ഇന്ത്യ) – 25 മത്സരങ്ങളില്‍ നിന്ന് 1065 റണ്‍സ്
മഹേള ജയവര്‍ധന (ശ്രീലങ്ക) – 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സ്
ക്രിസ് ഗെയ്ല്‍ (വെസ്റ്റിന്‍ഡീസ്) – 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സ്
രോഹിത് ശര്‍മ (ഇന്ത്യ) – 37 മത്സരങ്ങളില്‍ നിന്ന് 921 റണ്‍സ്
തിലക് രത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക) – 35 മത്സരങ്ങളില്‍ നിന്ന് 897 റണ്‍സ്

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം. 7 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്.

തകര്‍ത്തടിച്ച ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചത്. 21 പന്തില്‍ നിന്ന് 50 തികച്ച താരം ഇന്ത്യന്‍ ബൗളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഇതിനിടെ മഴയെത്തിയതോടെ മത്സരം തടസപ്പെട്ടു. കളിമുടങ്ങിയാല്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം അനുസരിച്ച് ബംഗ്ലാദേശ് വിജയികളാകും. ഡിഎല്‍എസ് സ്‌കോറിനേക്കാള്‍ 17 റണ്‍സ് മുന്നിലാണ് ഇപ്പോള്‍ അവര്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുല്‍, വിരാട് കോലി എന്നിവരുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു.

ഈ ലോകകപ്പിലെ മൂന്നാം അര്‍ധ സെഞ്ചുറി നേടിയ കോലി 44 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സോടെ പുറത്താകാതെ നിന്നു. കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.32 പന്തുകള്‍ നേരിട്ട രാഹുല്‍ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 50 റണ്‍സെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (2) നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച രാഹുല്‍ – വിരാട് കോലി സഖ്യം 67 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്‌സ് ട്രാക്കിലാക്കി. ഇതിനിടെ 31 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി തികച്ച് തൊട്ടടുത്ത പന്തില്‍ രാഹുല്‍ പുറത്തായി.

തുടര്‍ന്ന് ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് 16 പന്തില്‍ നിന്ന് നാല് ബൗണ്ടറിയടക്കം 30 റണ്‍സെടുത്തു.തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ (5), ദിനേഷ് കാര്‍ത്തിക്ക് (7), അക്ഷര്‍ പട്ടേല്‍ (7) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. അശ്വിന്‍ ആറ് പന്തില്‍ നിന്ന് 13 റണ്‍സെടുത്തു.

ബംഗ്ലാദേശിനായി ഹസന്‍ മഹ്‌മൂദ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാക്കിബ് അല്‍ ഹസന്‍ രണ്ടു വിക്കറ്റെടുത്തു.നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. ദീപക് ഹൂഡയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button