കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അന്ത്യശാസനം തള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവയ്ക്കില്ലെന്ന് തീരുമാനത്തില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നതായി തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു.
പാര്‍ട്ടിയില്‍ നിന്നും കൂറുമാറിയ ആളെ പ്രസിഡന്റാക്കാനാവില്ല. ഇല്ലാത്ത ധാരണ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. പദവി ഒഴിയാന്‍ ധാരണയുണ്ടെന്ന് യുഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു തോമസ് ചാഴിക്കാടന്‍.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി പക്ഷത്തെക്കൊണ്ട് രാജിവയ്പിക്കാന്‍ യു.ഡി.എഫിന്റ അവസാനവട്ട ശ്രമം നാളെ നടക്കും. സ്ഥാനം രാജിവച്ചേ മതിയാകൂ എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നേതൃത്വം പരസ്യമായി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാത്തതിനാല്‍ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പി.ജെ ജോസഫ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഒപ്പമുള്ള പലരും മറുപക്ഷത്തേക്ക് പോയെങ്കിലും കെ.എം മാണി പക്ഷം മല്‍സരിച്ച തദ്ദേശ നിയമസഭ സീറ്റുകളെല്ലാം അടുത്ത തിരഞ്ഞെടുപ്പിലും കിട്ടണമെന്നാണ് ജോസിന്റ ആവശ്യം. പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ട് ഇത് ചര്‍ച്ച ചെയ്യാമെന്ന യു.ഡി.എഫിന്റ മറുവാദം ജോസ് പക്ഷം അംഗീകരിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി ഒരു ശ്രമം കൂടി നടത്താനാണ് നേതാക്കളുടെ തീരുമാനം.