കൊച്ചി:2019 ൽ മലയാളത്തിലിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. പൃഥിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സായ് കുമാർ, സാനിയ ഇയ്യപ്പൻ, വിവേക് ഒബ്റോയ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ആ വർഷത്തെ റെക്കോഡ് കലക്ഷൻ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. നടൻ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫർ. നടന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫർ അടയാളപ്പെടുത്തി.
പൃഥിരാജ്-മോഹൻലാൽ എന്ന ഹിറ്റ് കോബോയും ലൂസിഫർ മലയാള സിനിമയ്ക്ക് സമ്മാനിച്ചു. രണ്ടാം ഭാഗം എമ്പുരാൻ ലൂസിഫറിനേക്കാൾ വലിയ കാൻവാസിൽ ഒരുക്കാനാണ് പൃഥി ശ്രമിക്കുന്നത്. 400 കോടി ബജറ്റിലാണ് എമ്പുരാൻ ഒരുങ്ങുന്നതെന്നാണ് വിവരം. ലൂസിഫറിന് ശേഷം പൃഥി സംവിധാനം ചെയ്ത സിനിമയായിരുന്നു ബ്രോ ഡാഡി. പൃഥിരാജും മോഹൻലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ ഫാമിലി ഹിറ്റായിരുന്നു.
ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം സിനിമയുടെ മറു ഭാഷ റീമേക്ക് പ്രഖ്യാപിക്കപ്പെട്ടു. തെലുങ്കിൽ ചിരഞ്ജീവി നായകനായി ഗോഡ്ഫാദർ എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്യപ്പെട്ടത്. ചിത്രീകരണവും പൂർത്തിയായി റിലീസിന് തയ്യാറെടുക്കുകയാണ് സിനിമ. എന്നാൽ റിലീസിന് മൂന്ന് ആഴ്ച മാത്രം ബാക്കി നിൽക്കെ സിനിമയ്ക്ക് ഇതുവരെ വിതരണക്കാരെ ലഭിച്ചിട്ടില്ല. 85 കോടിക്ക് സിനിമയുടെ വിതരണാവകാശം വിൽക്കാനായിരുന്നു മേക്കേഴ്സ് തീരുമാനിച്ചത്. എന്നാൽ ഒരു ഡിസ്ട്രിബ്യൂട്ടർമാരും ഈ സിനിമ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടില്ല.
ചിരഞ്ജീവിയുടെ അടുത്ത കാലത്തിറങ്ങിയ സിനിമകളിൽ മിക്കതും പരാജയം ആയിരുന്നു. അവസാനമിറങ്ങിയ ആചാര്യ എന്ന സിനിമ ബോക്സ് ഓഫീസിൽ കൂപ്പു കുത്തി. ഇതിനാൽ തന്നെ ഗോഡ്ഫാദർ സിനിമയുടെ ട്രെയ്ലറിനോ മറ്റോ തെലുങ്ക് സിനിമയിൽ വലിയ ഓളം സൃഷ്ടിക്കാനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സിനിമ വാങ്ങുന്നതിൽ നിന്നും വിതരണക്കാർ പിന്നോട്ടടിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിൽ അടുത്തിടെയൊന്നും ഇത്തരമാെരു സ്ഥിതി വന്നിട്ടില്ല. റിലീസിന് മൂന്നാഴ്ച മുമ്പും വിതരണക്കാരെ ലഭിക്കാത്ത സാഹചര്യം ചിരജ്ഞീവിക്ക് ആദ്യമാണെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്.
വൻ തുകയാണ് ഗോഡ്ഫാദറിനായി നിർമാതാക്കൾ ചെലവഴിച്ചിരിക്കുന്നത്. മലയാളത്തിൽ പൃഥി ചെയ്ത കാമിയോ റോളിൽ നടൻ സൽമാൻ ഖാനാണ് തെലുങ്കിൽ എത്തുന്നത്. ഇതിനായി 20 കോടിയാണ് സൽമാന് വാഗ്ദാനം ചെയ്ത പ്രതിഫലം. എന്നാൽ സൗജന്യമായാണ് നടൻ ഈ റോൾ ചെയ്തെന്നാണ് റിപ്പോർട്ട്. ലൂസിഫറിൽ മഞ്ജു വാര്യർ ചെയ്ത റോളിൽ എത്തുന്നത് നയൻതാരയാണ്.
സിനിമയുടെ ട്രെയ്ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആക്ഷൻ പാക്ക് ആണ് ചിത്രം എന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. രണ്ട് പതിറ്റാണ്ടിലേറെയായി തെലുങ്ക് സിനിമയുടെ അമരത്തിരിക്കുന്ന ചിരഞ്ജീവിക്ക് ഗോഡ്ഫാദർ കൂടി പരാജയപ്പെട്ടാൽ കരിയറിൽ വലിയ തിരിച്ചടിയാവും നേരിടുക.