മുംബൈ:തങ്ങളുടെ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളുടെ സൗകര്യത്തിനായി പുതിയ സേവനം ആരംഭിച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷാവോമി. പിക് മി അപ്പ് (PickMIUp) എന്ന് ഈ സേവനം ഇന്ത്യയില്‍ തുടക്കമിട്ടിരിക്കുകയാണ് ഷാവോമി.
ഇതുവഴി ഷാവോമി, റെഡ്മി സ്മാര്‍ട്‌ഫോണുകളുടെ അറ്റകുറ്റപ്പണി കൂടുതല്‍ ലളിതമാവും. ഫോണുകള്‍ തകരാറിലായാല്‍ ഉപഭോക്താക്കള്‍ ഇനി ഷാവോമി സര്‍വീസ് സെന്ററുകള്‍ തിരഞ്ഞ് നടക്കേണ്ടി വരില്ല. പിക്ക്മിഅപ്പ് സേവനം വഴി ഫോണുകള്‍ വീട്ടില്‍ വന്ന് വാങ്ങിക്കൊള്ളും.
ഷാവോമി സര്‍വീസ് പ്ലസ് ആപ്പിലൂടെയാണ് പിക്ക് മി അപ്പ് സേവനം ലഭിക്കുക. ആപ്പില്‍ പിക്ക് മി അപ്പ് ഓപ്ഷന്‍ കാണാം. ഇതില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ഫോണുകള്‍ വീട്ടില്‍ വന്ന് വാങ്ങുകയും അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീട്ടില്‍ തിരികെ എത്തിക്കുകയും ചെയ്യും.
ഫോണ്‍ വാങ്ങിയതിന് ശേഷമുള്ള വിവിധ സേവനങ്ങള്‍ ഷാവോമി സര്‍വീസ് പ്ലസ് ആപ്പില്‍ ലഭ്യമാണ്. ഫോണിന്റെയും ഘടകഭാഗങ്ങളുടെയും വാറന്റി വിവരങ്ങള്‍ ഇതുവഴി അറിയാം.
അതേസമയം പിക്ക് മി അപ്പ് സേവനത്തിന് 199 രൂപയും ജിഎസ്ടിയും അധികമായി നല്‍കേണ്ടിവരും. എന്നാല്‍ വീട്ടില്‍ നിന്ന് പിക്ക് ചെയ്യുന്നത് മാത്രമോ, അല്ലെങ്കില്‍ തിരികെ എത്തിക്കുന്നത് മാത്രമോ ആണ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നത് എങ്കില്‍ 99 രൂപ മാത്രമാണ് ഈടാക്കുക.
തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമേ നിലവില്‍ ഈ സേവനം ലഭിക്കുകയുള്ളൂ എന്നാണ് ഷാവോമി പറയുന്നത്. എന്നാല്‍ അത് ഏതെല്ലാം സ്ഥലങ്ങളിലാണ് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. രാജ്യത്തെ മെട്രോ നഗരങ്ങളിലെല്ലാം ഇത് ലഭ്യമാവാനാണ് സാധ്യത.