FeaturedHome-bannerInternationalNews

സൈനികനീക്കമില്ലെന്ന് അമേരിക്ക; പുടിനുമായി ചർച്ചയില്ല: ഉപരോധം കടുപ്പിച്ചു, സാമ്പത്തിക ഉപരോധം കടുപ്പിച്ച് ബ്രിട്ടണും

വാഷിംഗ്ടൺ ഡി.സി: റഷ്യ–യുക്രെയ്‍ന്‍ സംഘര്‍ഷത്തില്‍ ആദ്യ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രെയ്ന് സഹായം നല്‍കാന്‍ സൈന്യത്തെ അയക്കില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. റഷ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബൈഡന്‍ പ്രകരിച്ചത്. റഷ്യ–യുക്രെയ്‍ന്‍ സംഘര്‍ഷത്തില്‍ നിര്‍ണായക പ്രതികരണം കാത്തിരുന്ന ലോകരാജ്യങ്ങള്‍ക്ക് മുന്നിലേക്കാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എത്തിയത്. ഒട്ടും ആശങ്കയില്ലാതെ ബൈഡന്‍ നിലപാട് പ്രഖ്യാപിച്ചു.

പിന്നാലെ യുദ്ധത്തിനറങ്ങിപ്പുറപ്പെട്ട റഷ്യന്‍ പ്രസിഡന്റ് പുടിനെതിരെ രൂക്ഷവിമര്‍ശനം. പുടിനാണ് യുദ്ധം തെരഞ്ഞെടുത്തത്, അതിൻെറ പ്രത്യാഘാതവും റഷ്യ നേരിടണമെന്ന് ബൈഡൻ പറഞ്ഞു. പുടിനുമായി സംസാരിക്കുന്നത് ആലോചിച്ചിട്ടില്ല. മാസങ്ങൾക്ക് മുമ്പേ ആക്രമണം ആസൂത്രണം ചെയ്തുവെന്നും ബൈഡൻ കുറ്റപ്പെടുത്തി.

റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങളും ബൈഡന്‍ പ്രഖ്യാപിച്ചു. നാല് റഷ്യന്‍ ബാങ്കുകള്‍ക്കുകൂടി ഉപരോധം ഏര്‍പ്പെടുത്തി. ഇവരുടെ അമേരിക്കയിലുള്ള ആസ്തികള്‍ മരവിപ്പിക്കും. അന്താരാഷ്ട്ര വേദിയില്‍ പുടിന്‍  പരിഹാസ്യനാകുമെന്നും ബൈഡന്‍ പറഞ്ഞു. യുക്രൈനെതിരെ തികച്ചും ന്യായീകരിക്കാനാവാത്ത യുദ്ധം നടത്താനുള്ള നടപടി റഷ്യയെ ദുര്‍ബലമാക്കുകയും ലോകത്തെ മറ്റ് രാജ്യങ്ങളെ ശക്തമാക്കുകയും ചെയ്യും’ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. ഇന്ത്യയുമായി ആശയവിനിമയം നടത്തിയെന്നും ജോ ബൈഡന്‍ പറഞ്ഞു.

റഷ്യക്കെതിരെ നിർണായക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് പാ‍ർലമെന്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് യുക്രൈൻ അധിനിവേശത്തിൻ്റെ പേരിൽ റഷ്യക്കെതിരെ അതിശക്തമായ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഇടപാടുകൾക്ക് ആയി ഉപയോ​ഗിക്കുന്ന സ്വിഫ്റ്റ് പേയ്‌മെന്റുകളിൽ നിന്ന് റഷ്യയെ ഒഴിവാക്കാനുള്ള സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പാർലമെൻ്റിനെ അറിയിച്ചു.

ബോറിസ് ജോൺസൻ ബ്രിട്ടീഷ് പാ‍ർലമെൻ്റിൽ നടത്തിയ പ്രഖ്യാപനങ്ങൾ: 

  • എല്ലാ പ്രധാന റഷ്യൻ ബാങ്കുകളുടേയും ആസ്തികൾ മരവിപ്പിക്കുകയും യുകെയിൽ ഇവരുടെ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുകയും ചെയ്യും.
  • പ്രമുഖ റഷ്യൻ ധനകാര്യസ്ഥാപനമായ  VTB ബാങ്കിന്റെ പൂർണ്ണവും ഉടനടി മരവിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
  • പുട്ടിനുമായും റഷ്യൻ സർക്കാരുമായും അടുത്ത ബന്ധമുള്ള നൂറ് വ്യക്തികളുടെ യു.കെയിലെ വ്യക്തിപരമായ നിക്ഷേപങ്ങളും ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ സ്വത്തുക്കളും മരവിപ്പിക്കും.
  • റഷ്യൻ വിമാനക്കമ്പനിയായ എയ്‌റോഫ്ലോട്ട് എയർലൈൻസിന് യുകെയിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തും.
  • റഷ്യക്കാർക്ക് യുകെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് പരിധി ഏർപ്പെടുത്തും.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button