FeaturedHome-bannerKeralaNews

‘സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല;മറ്റുവഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ട് സർക്കാർ

തിരുവനന്തപുരം : കൊടും ചൂടിൽ വൈദ്യുതി ഉപഭോഗം  കൂടിയെങ്കിലും സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല. വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തൽക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു.

ലോ‍ഡ്ഷെഡ്ഡിങ് വേണമെന്ന കെഎസ്ഇബിയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, സർക്കാർ നിലപാട് അറിയിച്ചത്. ഇന്ന് ചേർന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കും. കടുത്ത ചൂടില്‍ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. അതിനാൽ വൈദ്യുതി നിയന്ത്രണം കൂടിയേ തീരുവെന്ന നിലപാടിലാണ് ബോര്‍ഡ്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ പലയിടങ്ങളിലും ട്രാന്‍സ്ഫോമര്‍ കേടുവരുന്നതും വൈദ്യുതി വിതരണം നിലയ്ക്കുന്നതും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 

വ്യവസായശാലകളിൽ ഭാഗിക നിയന്ത്രണം കൊണ്ടുവരണമെന്ന നിർദേശം യോഗത്തിലുണ്ടായി. വൻകിട വ്യവസായശാലകളിൽ രാത്രി സമയങ്ങളിൽ ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം കൊണ്ടുവരാനാണു നിർദേശമുണ്ടായത്. വൈദ്യുതി ഉപയോഗം സ്വയം നിയന്ത്രിക്കാൻ മാളുകൾക്കു നിർദേശം നൽകണമെന്ന അഭിപ്രായമുണ്ടായി. ഒഴിവാക്കാവുന്ന ഇടങ്ങളിൽ വൈദ്യുതി ഉപയോഗം കുറയ്ക്കണം. കൃഷിക്കുള്ള പമ്പിങ് പകൽ മാത്രം ആക്കാൻ ആലോചനയുണ്ട്. എച്ച്ടി ഉപഭോക്താക്കൾ രാത്രി പ്രവർത്തനം മാറ്റിവയ്‌ക്കേണ്ടി വരും. ഗാർഹിക ഉപഭോക്താക്കൾക്കു നിയന്ത്രണം ഏർപ്പെടുത്തേണ്ടതില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. 15 ദിവസം കൊണ്ടു പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

വേനൽ കടുത്തതോടെ ഓരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലേറെ മെഗാവാട്ട് കറണ്ടാണ് സംസ്ഥാനത്ത് വേണ്ടി വരുന്നത്. നേരത്തെ 11 മണി വരെ എന്ന് കണക്കാക്കിയിരുന്ന പീക്ക് ടൈം ഇപ്പോൾ പുലർച്ചെ രണ്ട് രണ്ടര വരെയായി. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button