ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ നടനും രാഷ്ട്രീയ നേതാവുമായ വിജയ് നയിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍, അപവാദങ്ങളും കിംവദന്തികളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. തിങ്കളാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് സ്റ്റാലിന്‍റെ അഭ്യർഥന.
ഒരു രാഷ്ട്രീയ നേതാവും തന്റെ അനുയായികളോ മറ്റു ജനങ്ങളോ മരിക്കാന്‍ ആഗ്രഹിക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ‘കരൂരില്‍ സംഭവിച്ചത് ഒരു വലിയ ദുരന്തമാണ്, ഭയാനകമായ ദുരന്തം. മുമ്പൊരിക്കലും സംഭവിക്കാത്തതും ഇനി ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായ ഒരു ദുരന്തം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ചവര്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരാണെങ്കിലും അവരെല്ലാം നമ്മുടെ തമിഴ് സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തില്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും പൊതു സംഘടനകളുമായും കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളും പൊതു സംഘടനകളും ഇത്തരം പരിപാടികൾ നടത്തുമ്പോൾ എങ്ങനെ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് വ്യക്തമാക്കുന്നതിന് നിയമങ്ങൾ ഉണ്ടാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വ്യത്യാസങ്ങളും വ്യക്തിപരമായ തർക്കങ്ങളും ശത്രുതയും മാറ്റിവെച്ച് ജനങ്ങളുടെ ക്ഷേമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കരൂര്‍ ദുരന്തത്തില്‍ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ വിജയ്‌ക്കെതിരേയും ഗുരുതര പരാമര്‍ശങ്ങളുള്ളതായാണ് റിപ്പോർട്ട്. കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്നതിനായി പരിപാടി മനഃപൂര്‍വം വൈകിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. നാമക്കലില്‍ എട്ടേമുക്കാലിന് എത്തിച്ചേരുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും നിശ്ചയിച്ചതിനും മണിക്കൂറുകള്‍ വൈകിയാണ് വിജയ് എത്തിച്ചേര്‍ന്നത്. ഇത് കൂടുതല്‍ ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരാന്‍ കാരണമായെന്നും എഫ്ഐആറിൽ പറയുന്നു.
ശനിയാഴ്ച കരൂരിൽനടന്ന, വിജയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും അകപ്പെട്ട് 41 പോരാണ് മരിച്ചത്. വിജയ് എത്തുമെന്നറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഉച്ചയോടെ വിജയ് കരൂരിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും താരം സ്ഥലത്തെത്താൻ ആറേഴ് മണിക്കൂർ വൈകിയെന്നാണ് റിപ്പോർട്ട്.


