അതുല്യയുടെ മരണം: ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യം കോടതി റദ്ദാക്കി; പ്രതി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി

കൊല്ലം: കൊല്ലം സ്വദേശി അതുല്യ ഷാര്‍ജയില്‍ മരിച്ചസംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തിങ്കളാഴ്ച ജാമ്യം റദ്ദാക്കിയത്. ഇതോടെ പ്രതിയായ സതീഷ് ശങ്കര്‍ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായി.

വൈകീട്ട് 4.15-ഓടെയാണ് സതീഷ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്. പ്രതിയുടെ മൊബൈല്‍ഫോണ്‍ വിവരങ്ങളടക്കം അന്വേഷണസംഘം പരിശോധിക്കും. ചോദ്യംചെയ്യലിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുക്കാനും സാധ്യതയുണ്ട്.

അതുല്യയുടെ മരണത്തില്‍ കൊലക്കുറ്റം ചുമത്തിയാണ് സതീഷിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയതോടെയാണ് സതീഷ് ഷാര്‍ജയില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഇയാളെ അറസ്റ്റ്‌ചെയ്‌തെങ്കിലും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാനായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

കേസില്‍ കൊലപാതകത്തിന് തെളിവുകളില്ലെന്നും പ്രതിക്കെതിരേ ചുമത്തിയ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ആത്മഹത്യപ്രേരണയ്ക്കുള്ള വകുപ്പാണ് ചുമത്തേണ്ടതെന്ന് വ്യക്തമാക്കിയ കോടതി, പ്രോസിക്യൂഷന്‍ ഇത് ചുമത്താതിരുന്നതില്‍ നിരാശ പ്രകടിപ്പിക്കുകയുംചെയ്തു.

ജൂലായ് 19-നാണ് കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശിനി അതുല്യ(30)യെ ഷാര്‍ജയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷ് ശങ്കറിന്റെ നിരന്തരം പീഡനവും ഉപദ്രവുമാണ് അതുല്യയുടെ മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പരാതി. ഭര്‍ത്താവിന്റെ ഉപദ്രവം സംബന്ധിച്ച് അതുല്യ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതിന്റെ ശബ്ദരേഖയും ഭര്‍ത്താവ് ഉപദ്രവിക്കുന്ന വീഡിയോദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ദുബായില്‍ സൈറ്റ് എന്‍ജിനീയറായ സതീഷിനെ കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിടുകയുംചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News