ഓഗസ്റ്റ് ഒന്നു മുതല്‍ പ്രളയ സെസ് ഇല്ല; പിരിവ് ഈ മാസം 31ന് അവസാനിക്കും

തിരുവനന്തപുരം: ചരക്ക് സേവന നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയിരുന്ന പ്രളയ സെസ് പിരിവ് ഇനി ഒരാഴ്ച കൂടി മാത്രം. പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിനായി 2019 ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തേക്കാണ് സെസ് നടപ്പാക്കിയത്. സെസ് പിരിവ് ഈ മാസം 31ന് അവസാനിക്കും.

അഞ്ച് ശതമാനത്തിനുമേല്‍ നികുതിയുള്ള ചരക്ക് – സേവനങ്ങള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും അടിസ്ഥാന വിലയുടെ ഒരു ശതമാനവും സ്വര്‍ണം വെള്ളി എന്നിവയ്ക്ക് 0.25 ശതമാനവും ആയിരുന്നു സെസ് ചുമത്തിയിരുന്നത്. ജൂലൈ 31ന് ശേഷം ഇത് പിരിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമീഷണര്‍ അറിയിച്ചു. ഇതനുസരിച്ച് വ്യാപാരികള്‍ ബില്ലിങ് സോഫ്റ്റ്വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നാണ് നിര്‍ദേശം.

വാഹനങ്ങള്‍ക്ക് പുറമെ,മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍, ടി.വി, റഫ്രിജറേറ്റര്‍, മൈക്രോവേവ് അവ്ന്‍, മിക്‌സി,വാഷിങ് മെഷീന്‍, വാട്ടര്‍ ഹീറ്റര്‍, ഫാന്‍, പൈപ്പ്, മെത്ത,ക്യാമറ, മരുന്നുകള്‍, 1000 രൂപയില്‍ കൂടുതല്‍ വിലയുള്ള തുണികള്‍, കണ്ണട, ചെരുപ്പ്, ബാഗ്, സിമന്റ, പെയ്ന്റ്, മാര്‍ബിള്‍, ടൈല്‍, ഫര്‍ണിച്ചര്‍, വയറിങ് കേബിള്‍, ഇന്‍ഷുറന്‍സ്, സിനിമ ടിക്കറ്റ് തുടങ്ങിയവയക്ക് ഒരു ശതമാനം വിലയാണ് കുറയുക.

അതായത് 10,000 രൂപയുടെ ഉല്‍പന്നത്തിന് 100 രൂപ കുറയും. 1200 കോടിയാണ് സെസ് ഈടാക്കുന്നതിലൂടെ ലക്ഷ്യമിട്ടതെങ്കിലും 1750 കോടിയോളം രൂപയാണ് ഇതുവഴി ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News