പാറശാല : കേരളീയര്‍ക്ക് തമിഴ്‌നാടിന്റെ പി.എച്ച്.സി കളിലും മറ്റ് സര്‍ക്കാര്‍ സെന്ററുകളിലും സൗജന്യമായി കൊവിഡ് വാക്സിന്‍ നല്‍കാതെ തിരിച്ചയക്കുന്നതായി പരാതി. അതിര്‍ത്തിയില്‍ കൊല്ലങ്കോടിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന തമിഴ്നാടിന്റെ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ എത്തിയവരെയാണ് കേരളത്തിലെ ജനങ്ങള്‍ എന്ന കാരണത്താല്‍ തിരിച്ചയച്ചത്.
തമിഴ്നാട് അധികൃതരുടെ നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. അതിര്‍ത്തി പ്രദേശത്ത് രോഗംപടരാതെ സൂക്ഷിക്കേണ്ടത് കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങള്‍ക്ക് ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്ന കാര്യം മറന്നാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്നാട് ഉള്‍പ്പെടെയുള്ള അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദഗ്ദ്ധ ചികിത്സ തേടി കേരളത്തിലെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എത്തുന്നവര്‍ക്ക് സൗജന്യ ചികിത്സ നടപ്പിലാക്കി വരുമ്പോഴാണ് തമിഴ്‌നാട്ടിലെ ചില പ്രാഥമിക കേന്ദ്രങ്ങളിലെ ജീവനക്കാര്‍ സങ്കുചിത താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിഞ്ഞ് തമിഴ്നാട് സര്‍ക്കാര്‍ താക്കീത് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.