FeaturedHome-bannerKeralaNews

കളമശേരി മെഡിക്കല്‍ കോളേജില്‍ മരിച്ച യുവാവിന് കോവിഡ് 19 രോഗബാധയില്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27ന് വന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം മരണമടഞ്ഞ യുവാവിന് കോവിഡ് 19 രോഗമല്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആലപ്പുഴ വൈറോളജി ലാബിലയച്ച ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പൂന വൈറോളജി ലാബിലയച്ച രണ്ടാം പരിശോധനാ ഫലമാണ് ഇപ്പോള്‍ വന്നതെന്നും മന്ത്രി വ്യക്തമാക്കി.

54 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 206 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 193 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 9 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. സംശയാസ്പദമായവരുടെ 488 സാമ്പിളുകള്‍ എന്‍.ഐ.വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 471 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

ഇറ്റലിയിലും ഇറാനിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചു. ഈ രാജ്യങ്ങളില്‍ നിന്നും വരുന്ന എല്ലാ ആളുകളും നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. റിപ്പബ്ലിക് ഓഫ് കൊറിയ, ഇറാന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്ന് വരുന്നവരോ 2020 ഫെബ്രുവരി 10 മുതല്‍ അത്തരം യാത്രാ ചരിത്രമുള്ളവരോ ഇന്ത്യയിലെത്തുമ്പോള്‍ 14 ദിവസത്തേക്ക് നിരീക്ഷണത്തില്‍ തുടരേണ്ടതാണ്. രോഗ ലക്ഷണമില്ലാത്തവര്‍ 14 ദിവസം വീടുകളില്‍നിരീക്ഷണത്തില്‍ തുടരണം. രോഗലക്ഷണമുള്ളവര്‍ ജില്ലകളിലെ ഐസോലേഷന്‍ സൗകര്യമുള്ള ആശുപത്രികളുമായി ബന്ധപ്പെടണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button