തിരുവനന്തപുരം: നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച നടത്തി സംഭവത്തില്‍ പ്രതികളെ ഇരയായവര്‍ തിരിച്ചറിഞ്ഞു. ബംഗാള്‍ സ്വദേശികളായ മൂന്നുപ്രതികളെ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്ന് ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ട്രെയിനില്‍ ഒപ്പമുണ്ടായിരുന്നെന്ന് കവര്‍ച്ചയ്ക്കിരയായ വിജയലക്ഷ്മിയും ഐശ്വര്യയും സ്ഥിരീകരിച്ചു.
മൂന്നാഴ്ച മുന്‍പാണ് നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ കവര്‍ച്ച നടന്നത്. യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തിയാണ് പ്രതികള്‍ കൊള്ളയടിച്ചത്. ബോധരഹിതരായ മൂന്ന് സ്ത്രീകളെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിജയലക്ഷ്മി, മകള്‍ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്.
തിരുവനന്തപുരത്ത് എത്തിയ ട്രെയിനില്‍ ബോധരഹിതരായ നിലയില്‍ റെയില്‍വേ ജീവനക്കാര്‍ ഇവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പൊലീസാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. വിജയകുമാരിയുേയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവന്‍ സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും മോഷണം പോയിരുന്നു. ഡല്‍ഹി നിസ്സാമുദ്ദീനില്‍ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.
ട്രെയിനിലുണ്ടായിരുന്ന കോയമ്പത്തൂര്‍ സ്വദേശി കൗസല്യയാണ് കവര്‍ച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാള്‍. മറ്റൊരു ബോഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വര്‍ണമാണ് മോഷണം പോയത്. കോയമ്പത്തൂരില്‍ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൗസല്യ.