സെല്‍ഫി എടുക്കുന്നതിനിടെ വെളളച്ചാട്ടത്തില്‍ വീണു; 12 മണിക്കൂറിന് ശേഷം വാട്സ്ആപ്പില്‍ സന്ദേശം അയച്ച് യുവാവ്!

ബംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ വെളളച്ചാട്ടത്തില്‍ വീണ യുവാവിന് 12 മണിക്കൂറിന് ശേഷം അത്ഭുതകരമായ രക്ഷപ്പെടല്‍. 140 അടി താഴ്ചയിലേക്ക് വീണ പ്രദീപ് സാഗര്‍ (28) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കാണാതായി 12 മണിക്കൂറിന് ശേഷം കൂട്ടുകാരന്റെ മൊബൈലിലേക്ക് യുവാവ് വാട്സ്ആപ്പ് സന്ദേശം അയക്കുകയായിരുന്നു. ഇതോടെയാണ് പ്രദീപ് ജീവനോടെ ഉണ്ടെന്നുളള വിവരം ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കല്‍ബുറഗി ജില്ലയിലെ ജേവര്‍ഗി താലൂക്കിലെ ബാങ്ക് ജീവനക്കാരനായ പ്രദീപ് സുഹൃത്തുക്കള്‍ക്കൊപ്പം ഗോകാക് വെളളച്ചാട്ടം കാണാനെത്തിയതായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് തെറ്റി പ്രദീപ് 140 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണു. തുടര്‍ന്ന് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂര്‍ നീണ്ട തെരച്ചില്‍ നടത്തിയിട്ടും പ്രദീപിനെ കണ്ടെത്താനായില്ല.

കാണാതായി 12 മണിക്കൂറിന് ശേഷം സുഹൃത്തിന്റെ വാട്സ്ആപ്പില്‍ യുവാവ് സന്ദേശം അയച്ചതോടെയാണ് പ്രദീപ് ജീവനോടെയുണ്ടെന്ന് മനസിലാക്കിയത്. നിസാര പരിക്കുകളോടെ ഗോകാക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News