ഫ്‌ളവേഴ്‌സ് ടി.വിയിലെ ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ നീലുവും ബാലുവും ലച്ചുവും മുടിയനും ശിവയും കേശുവുമൊക്കെ മലയാളികളുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഇപ്പോള്‍. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗ് ആണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലുവായി എത്തുന്നത്. ഇപ്പോള്‍ താന്‍ അഭിനയരംഗത്തേക്ക് എത്തിയതിനെ കുറിച്ചും ഉപ്പും മുളകിലെ നീലു എന്ന കഥാപാത്രത്തെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നിഷ. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഷ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
നീലുവിനെപ്പോലെയുള്ള ഭാര്യയെ കിട്ടിയാല്‍ നന്നായിരുന്നു എന്ന തരത്തിലുള്ള കമന്റുകള്‍ കാണാറുണ്ട്. നീലു അങ്ങേയറ്റം ക്ഷമിക്കുന്നയാളാണ്. ക്ഷമയുടെ നെല്ലിപ്പലകയും പിന്നിടുമ്പോളാണ് ദേഷ്യപ്പെടുന്നത്. വീട്ടില്‍ ചില കാര്യങ്ങള്‍ക്കൊക്കെ ദേഷ്യപ്പെടാറുണ്ട്. വീട്ടില്‍ ചില ചിട്ടവട്ടങ്ങളുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാന്‍ കുറച്ച് പഴഞ്ചനാണ്. കുടുംബ പ്രേക്ഷകര്‍ എല്ലാം വീട്ടമ്മ എന്ന സ്ഥാനമാണ് എനിക്ക് നല്‍കിയിട്ടുള്ളത്. അഭിമാനിക്കാന്‍ പറ്റുന്ന കാര്യമാണിത്. നടി എന്നതിനും അപ്പുറത്ത് അവരുടെ വീട്ടിലെ ഒരംഗമായാണ് കാണുന്നത്.
എന്റെ ചങ്ക് റയാനാണ്. എല്ലാവര്‍ക്കും സ്വന്തം രക്തത്തോടായിരിക്കുമല്ലോ കൂടുതല്‍ താല്‍പര്യം. പാറുക്കുട്ടിയോടാണ് താല്‍പര്യമെന്ന് പറഞ്ഞാല്‍ അത് ഉപ്പും മുളകിന്റെ പ്രമോഷനാണെന്ന് പറയും. റയാന്‍ ബേബിക്ക് എന്തെങ്കിലും പറ്റിയാല്‍ വല്ലാതാവും. റയാന്‍ വന്നതോടെ മക്കളുടെ കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്നത് കുറഞ്ഞു. എപ്പോഴും റയാന്റെ കാര്യങ്ങളാണ് ചോദിക്കുന്നത്. അമ്മയില്‍ നിന്നും അമ്മൂമ്മയിലേക്ക് മാറിയപ്പോള്‍ ഉത്തരവാദിത്തം കൂടി. ലച്ചുവിന്റെ കല്യാണം ചിഞ്ചുവിന്റേയും ചിന്നുവിന്റേയും പോലെയാണ്. എല്ലാ മക്കളേയും ഒരുപാടിഷ്ടമാണ്. അവരെല്ലാം എന്നെ ഏറെയിഷ്ടപ്പെടുന്നവരാണ്.
കെ.കെ രാജീവിന്റെ ഒരു സീരിയില്‍ ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരു സംഭവമുണ്ടായി. പെണ്ണാണോടി നീ എന്ന് ചോദിച്ച് ഒരു സ്ത്രീ ട്രെയിനില്‍ വെച്ച് പിടിച്ച് തള്ളുകയായിരുന്നു. എപ്പോഴും ബഹളമുള്ള ജീവിതമൊന്നും എനിക്കിഷ്ടമില്ല. ജീവിക്കാനായുള്ള നെട്ടോട്ടമൊക്കെ അത്ര താല്‍പര്യമില്ല.