FeaturedHome-bannerNationalNews

മോദി സർക്കാർ പരാജയം, രാജ്യം സാമ്പത്തിക തകർച്ചയിൽ; വിമർശനവുമായി നിർമല സീതാരാമന്റെ ഭർത്താവ്

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പദ്ഘടന കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പര്‍ക്കല പ്രഭാകര്‍. പല ആഭ്യന്തര കാര്യങ്ങളെ കുറിച്ചും മോദിയ്ക്ക് ധാരണയില്ലെന്നും രാജ്യത്ത് വിഘടന വാദമുയര്‍ത്തി ഭിന്നത സൃഷ്ടിക്കുന്നതിലാണ് പ്രധാനമന്ത്രിയ്ക്ക് മികവ് എന്നും പ്രഭാകര്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലാണ് പ്രഭാകറിന്റെ ആരോപണം.

മെയ് 14-ന് പ്രഭാകറിന്റെ ‘ദി ക്രൂക്കഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകം പ്രകാശനം ചെയ്തിരുന്നു. മോദി സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തികപരവും രാഷ്ട്രീയപരവുമായ മേഖലകളെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് അദ്ദേഹത്തിന്റെ പുസ്തകത്തിലുള്ളത്‌. വികസന മുദ്രാവാക്യം ഉയര്‍ത്തി ഭരണത്തിലെത്തിയ ബി.ജെ.പി. ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണെന്ന്‌ പ്രഭാകര്‍ ആരോപിച്ചു.

നമ്മുടെ രാജ്യം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യമൂല്യങ്ങളെല്ലാം ഇന്ന് നമ്മുടെ രാജ്യത്തിന് അന്യമാണ്. ഇന്ന് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന ന്യായവിരുദ്ധമായ പല കാര്യങ്ങളും മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കണമെന്ന് എനിക്ക് തോന്നി. അതാണ് ഈ പുസ്തകമെഴുതാന്‍ എനിക്ക് പ്രചോദനമായതും.- പ്രഭാകര്‍ പറയുന്നു.

‘മോദി ഭരണത്തില്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. അന്വേഷണ എജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷത്തെ തകര്‍ക്കാനുള്ള ശ്രമവും മോദി നടത്തുന്നു. 1990-ന് ശേഷം ആദ്യമായി ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചു. ഭൂരിഭാഗം സൂചികയിലും ഇന്ത്യയുടെ സ്ഥാനം പിറകിലാണ്’. തൊഴിലിലായ്മ രാജ്യത്ത് രൂക്ഷമാണെന്നും പുസ്തകത്തിൽ പ്രഭാകർ പറയുന്നു.

പുകമറ സൃഷ്ടിച്ച് മോദി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ച പ്രഭാകര്‍ 2024-ലും മോദി ഭരണം തുടര്‍ന്നാല്‍ അത് സമ്പദ്ഘടനയ്ക്ക് മാത്രമല്ല രാജ്യത്തിനു തന്നെ അപകടമാണെന്നും അഭിപ്രായപ്പെട്ടു. നിലവില്‍ ഇന്ത്യ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണെന്നും പ്രഭാകര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker