ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ബാങ്കുകളും സ്വകാര്യവത്കരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മറ്റ് മേഖലകളിലൊക്കെ സംഭവിച്ചാലും ബാങ്കിംഗ് മേഖലയില്‍ പൂര്‍ണ സ്വകാര്യ വത്കരണം നടപ്പിലാക്കില്ല. ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കുമെന്നും നിര്‍മല സീതാരാമന്‍ ഉറപ്പ് നല്‍കി.
ബാങ്ക് സ്വകാര്യവത്കരണത്തിനെതിരെ നടക്കുന്ന ജീവനക്കാരുടെ സമരത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. ബാങ്ക് സ്വകാര്യവത്കരണത്തിന്റെ തീരുമാനം നന്നായി ചിന്തിച്ചെടുത്തതാണ്. ബാങ്കുകള്‍ക്ക് കൂടുതല്‍ ഇക്വിറ്റി ലഭിക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. ബാങ്കുകള്‍ രാജ്യത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു- ധനമന്ത്രി പറഞ്ഞു. സ്വകാര്യവത്കരിക്കാന്‍ സാധ്യതയുള്ള ബാങ്കുകളിലെ ഓരോ ജീവനക്കാരുടെയും താല്‍പ്പര്യം സംരക്ഷിക്കപ്പെടും. നിലവിലുള്ള ജീവനക്കാരുടെ താല്‍പ്പര്യം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
അതേസമയം ബാങ്ക് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് രണ്ടാം ദിവസം പിന്നിട്ടു. ശനി, ഞായര്‍ അവധി ദിവസങ്ങള്‍ക്ക് ശേഷം രണ്ട് ദിവസത്തെ പണിമുടക്കു കൂടി എത്തിയതിനാല്‍ നാലു ദിവസമാണ് ബാങ്കിങ് സേവനങ്ങള്‍ മുടങ്ങിയത്. ഇത് ഇടപാടുകാരെ വലിയ രീതിയില്‍ ബുദ്ധിമുട്ടിലാക്കി.
ബാങ്കിങ് മേഖലയിലെ ഒന്‍പത് സംഘടനകളുടെ ഐക്യവേദിയായ യുഎഫ്ബിയുവിന്റെ ആഭിമുഖ്യത്തിലായിരിന്നു ബാങ്ക് ജീവനക്കാരുടെ രണ്ടു ദിവസത്തെ രാജ്യ വ്യാപക പണിമുടക്ക്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയാണ് ജീവനക്കാരും ഓഫിസര്‍മാരും പണിമുടക്കിയത്. ആദ്യ ദിനമായിരുന്ന തിങ്കളാഴ്ച ബാങ്ക് ജീവനക്കാര്‍ പ്രകടനവും ധര്‍ണയും നടത്തി.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ പോലും ബാങ്കിങ് സേവനങ്ങള്‍ തടസപ്പെട്ടു. ചില ബാങ്കുകള്‍ സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മതിയായ ജീവനക്കാരില്ലാത്തതിനാല്‍ സേവനങ്ങള്‍ നിലച്ച മട്ടാണ്. ബാങ്ക് ശാഖകളിലെത്തിയുള്ള നിക്ഷേപം, പണം പിന്‍വലിക്കല്‍ എന്നിവയും മിക്ക ഇടങ്ങളിലും തടസപ്പെട്ടു. എടിഎമ്മുകളില്‍ പണം നിറക്കാത്തതിനാല്‍ പലയിടത്തും പണം കുറഞ്ഞു തുടങ്ങി.
യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍, നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ബാങ്ക് എംപ്ലോയീസ്, ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ തുടങ്ങിയ ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളെല്ലാം ബാങ്ക് പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.