ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് തൂക്കിലേറ്റുമെന്ന് ഡല്‍ഹി പാട്യാല ഹൗസ് കോടതി. മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുക. വധശിക്ഷയ്‌ക്കെതിരേ കേസിലെ പ്രതിയായ പവന്‍ ഗുപ്ത, കേസില്‍ തെറ്റായ വാദമാണ് നടന്നതെന്ന് വാദിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് പാട്യാല ഹൗസ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2012-ല്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പ്രതിയുടെ ഹര്‍ജിയിലെ വാദം. അതിനാല്‍ ജുവനൈല്‍ നിയമപ്രകാരമാണ് തന്നെ വിചാരണ ചെയ്യേണ്ടിയിരുന്നെന്നും വധശിക്ഷ പുനഃപരിശോധിക്കണമെന്നും പ്രതി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സമാന ഹര്‍ജിയുമായി പവന്‍ഗുപ്ത ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. എന്നാല്‍, ഹര്‍ജി കോടതി തള്ളുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് പവന്‍ഗുപ്ത സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.