നടി ഭാവനയുടെ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടിത്തം
നടി ഭാവന അഭിനയിക്കുന്ന ഏറ്റവും പുതിയ കന്നഡ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ തീപിടിത്തം. നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിങ്. തീ ആളി പടര്‍ന്ന സമയത്ത് താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം നാനൂറോളം പേര്‍ സെറ്റിലുണ്ടായിരുന്നു.
കൃത്യ സമയത്ത് തന്നെ അപകടം തിരിച്ചറിഞ്ഞതോടെ അതിവേഗം തീ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചു. ഇതോടെ ആര്‍ക്കും പരിക്കേള്‍ക്കാതെ എല്ലാവരും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ സെറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നതായി നിര്‍മാതാവ് വ്യക്തമാക്കി. ബജ്റംഗി 2 എന്ന സിനിമയുടെ ഷൂട്ടിങിനിടെയാണ് അപകടം.
2013 ല്‍ തിയറ്ററുകളിലേക്ക് എത്തിയ സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രം ബജ്റംഗിയുടെ രണ്ടാം ഭാഗമായിട്ടൊരുക്കുന്ന ചിത്രമാണിത്. ഈ വര്‍ഷം ഏപ്രിലോട് കൂടി തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സിനിമയില്‍ ശിവ രാജ്കുമാറും ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷ എ ആണ് സംവിധാനം.