കൊച്ചി: കോടതിയലക്ഷ്യ കേസിൽ ‘വി ഫോർ കൊച്ചി’ നേതാവ് നിപുൺ ചെറിയാൻ സുപ്രീംകോടതിയിൽ അപ്പീല്‍ നല്‍കി. കേരള ഹൈക്കോടതിയുടെ ശിക്ഷാ വിധിക്കെതിരെയാണ് അപ്പീൽ. ജസ്റ്റിസ് എൻ നഗരേഷിനെതിരായ പരാമർശത്തിലായിരുന്നു ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്. എന്നാല്‍ ജഡ്ജിയെ വിമർശിച്ചത് സദുദ്ദേശത്തോടെയാണെന്ന് നിപുൺ ചെറിയാൻ വാദിച്ചു.
വിമർശനം ഉന്നയിച്ചത് ന്യായാധിപൻ എന്ന സ്ഥാനത്തിന് നേരെയല്ലെന്നാണ് നിപുണ്‍ ചെറിയാന്‍റെ വാദം. സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസ് നിലനിൽക്കില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും നിപുണ്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അഭിഭാഷകൻ ശ്രീറാം പറക്കാട്ടാണ് നിപുണിനായി അപ്പീൽ ഫയൽ ചെയ്തത്.
നിപുണ്‍ ചെറിയാന് നാല് മാസം തടവും 2000 രൂപ പിഴയുമാണ് ഹൈക്കോടതി വിധിച്ചത്. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം നിപുണ്‍ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവിട്ടത്. വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
പൊക്കാളി കൃഷി സംബന്ധിച്ച് ജസ്റ്റിസ് എൻ. നഗരേഷിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ പേരിലാണ് നിപുണ്‍ ചെറിയാനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ജസ്റ്റിസ് എൻ നഗരേഷ് അഴിമതിക്കാരനാണെന്നായിരുന്നു ആരോപണം. സംഭവത്തിൽ 2022 നവംബറിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത് നിപുൺ ചെറിയാനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ പല തവണ ഈ ആവശ്യം നിരസിച്ചതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കോടതിയിൽ ഹാജരായ നിപുൺ കോടതിയലക്ഷ്യ നടപടിയൊന്നും ചെയ്തില്ലെന്ന് സ്വയം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
കോടതിയലക്ഷ്യ കുറ്റം നിപുൺ ചെയ്തെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് ശിക്ഷ വിധിച്ചത്. സുപ്രീംകോടതിയിൽ അപ്പീൽ നൽകാനായി ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന നിപുണിന്റെ ആവശ്യം ഡിവിഷൻ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ശിക്ഷ അനുഭവിച്ചുകൊണ്ട് സുപ്രീംകോടതിയെ സമീപിക്കാമെന്നായിരുന്നു നിര്‍ദേശം. താൻ പൊക്കാളി കർഷകർക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും മാപ്പ് പറയില്ലെന്നും നിപുണ്‍ ചെറിയാൻ നേരത്തെ പറയുകയുണ്ടായി.