കാസർകോട്: ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച കുട്ടിയുടെ നിപ രോഗ പ്രാഥമിക പരിശോധനാഫലം നെഗറ്റീവ്. ട്രൂ നാറ്റ് പരിശോധനയിലാണ് റിസൾട്ട് നെഗറ്റീവാണെന്ന് കണ്ടത്. ആർ ടി പി സി ആർ പരിശോധ ന റിസൾട്ട് കാത്തിരിക്കുകയാണെന്നും ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു.
സംസ്‌ഥാനത്ത് നിപ ഭീഷണിയൊഴിഞ്ഞതിനാല്‍ കോഴിക്കോട്ട് കണ്ടെയിന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പുതിയ നിപ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞതിനാലുമാണ് ഇളവ്.ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈയിന്‍മെന്റായി തുടരും. രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണം. കണ്ടെയിന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന കോവിഡ് വാക്‌സിനേഷന്‍ പുനരാരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
നിപ ഭീതിയില്‍ കര്‍ണാടകയ്ക്കും ആശ്വാസം ലഭിച്ചിരുന്നു. നിപ വൈറസ് സംശയിച്ച വ്യക്തിയ്ക്ക് രോഗമില്ലെന്ന് സ്ഥിരീകരണം.
കര്‍ണാടകയിലെ കാര്‍വാര്‍ സ്വദേശിയായിരുന്നു നിപ വൈറസ് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൂനെ എന്‍.ഐ.വിയിലാണ് ഇയാളുടെ സ്രവം പരിശോധിച്ചത്. സ്വകാര്യ ലാബിലെ ടെക്‌നീഷ്യനാണ് ഇയാള്‍. കേരളത്തില്‍ നിന്നെത്തിയ ഒരാളുമായി ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതാണ് സംശയത്തിന് വഴിതെളിച്ചത്.ഏതാനും ദിവസം മുന്‍പ് ഇയാള്‍ ഗോവയിലേക്ക് യാത്ര നടത്തുകയും ചെയ്തിരുന്നു.എന്നാല്‍, കാര്യമായ രോഗലക്ഷണം ലാബ് ടെക്നിഷ്യന് ഉണ്ടായിരുന്നില്ലെന്ന് മുന്‍പേ തന്നെ സംസ്ഥാന ആരോഗ്യ കമ്മീഷണര്‍ കെ.വി. ത്രിലോക് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.