KeralaNews

നിപ ലക്ഷണങ്ങള്‍, തിരുവനന്തപുരത്ത് രണ്ട് പേർ ആശുപത്രിയിൽ

തിരുവനന്തപുരം: നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട സ്വദേശിനിയായ 72കാരിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരെ ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റും.

ഇവരുടെ ബന്ധുക്കൾ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയിൽ നിന്ന് കോഴിക്കോട് വഴിയാണ് മകളും പേരക്കുട്ടിയും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്നു പേർക്കും പനിയും ജലദോഷവും പിടിപെട്ടിരുന്നു. പരിശോധനക്കായി ശരീര സ്രവം പൂനെ വൈറോളജദി ലാബിലേക്ക് അയക്കുമെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ വിദ്യാർഥിനിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പനിയും ദേഹ വേദനയും വന്നതിനെ തുടർന്നാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനി ഇവിടെ ക്ലാസിന് വന്നതാണ്.

നിപ ജാഗ്രതയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള തീരുമാനം മാറ്റി. ഈ മാസം 23 വരെ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ട എന്നാണ് പുതിയ ഉത്തരവ്. ഈ മാസം18 മുതല്‍ 23 വരെ ഓൺലൈൻ ക്ലാസ്സ് മതി എന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്‌കൂള്‍, സ്വകാര്യട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടി എന്നിവയ്ക്ക് ഈ നിർദ്ദേശം ബാധകമാണ്.

കാലിക്കറ്റ് സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. സെപ്റ്റംബർ 18 മുതൽ 23വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മൂല്യ നിർണ്ണയ ക്യാമ്പുകളും മാറ്റി വെച്ചു.

കോഴിക്കോട് കനത്ത ജാ​ഗ്രത തുടരുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്‍ക്കാരം തുടങ്ങിയ പരിപാടികള്‍ക്ക് പരമാവധി ആള്‍ക്കൂട്ടം കുറയ്ക്കണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള്‍ മാറ്റിവെക്കാനും നിര്‍ദേശമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button