കോഴിക്കോട്: മരിച്ച രണ്ട് രോഗികൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ നാല് നിപ പോസിറ്റിവ് കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മരിച്ച രണ്ടുപേർക്കും നിപ സ്ഥിരീകരിച്ചതായി നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നെങ്കിലും സംസ്ഥാനം ഇത് സ്ഥിരീകരിച്ചിരുന്നില്ല. പുണെയിൽ നിന്നുള്ള ഫലം ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന ആരോഗ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാന ആരോഗ്യവകുപ്പ് ഇന്നലെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ മൂന്ന് സാമ്പിളുകൾ പോസിറ്റിവാണ്. ഓഗസ്റ്റ് 30ന് മരിച്ച രോഗി ഉൾപ്പെടെ നിലവിൽ സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അയച്ച സാമ്പിളുകളിൽ ആദ്യം മരിച്ചവരുടെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ചികിത്സയിലുള്ള നാലുപേരിൽ ഒമ്പത് വയസ്സുള്ള കുട്ടിയും മരിച്ച വ്യക്തിയുടെ ഭാര്യാസഹോദരനും പോസിറ്റിവ് ആണ്. ഇതിന്റെ അർത്ഥം ആദ്യം മരിച്ച വ്യക്തിയും പോസിറ്റിവാണെന്നാണ്. ഇതിൽ ഒമ്പത് വയസ്സുള്ള കുട്ടി നിലവിൽ വെന്റിലേറ്ററിലാണ്. ആദ്യം മരിച്ച വ്യക്തിയുടെ നാല് വയസ്സുള്ള മകളും സഹോദരന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞും നെഗറ്റിവാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കോഴിക്കോട്ടെ ലാബിലും സാമ്പിളുകൾ പോസിറ്റിവാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ബി.എസ്.എൽ ലെവൽ 2 ലാബിന് സാധ്യമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമ്പർക്കപ്പട്ടികയിൽപ്പെട്ട 168 പേരെ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ ആദ്യ രോഗിയുമായി സമ്പർക്കപ്പട്ടികയിലുള്ളത് 158 പേരാണ്. ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. ബാക്കിയുള്ളവർ രോഗിയുമായി അടുത്ത് ഇടപഴകിയവരും. മരിച്ച രണ്ടാമത്തെ ആളുടെ സമ്പർക്കപ്പട്ടികയിലാണ് ബാക്കിയുള്ള പത്ത് പേർ. ഇദ്ദേഹവുമായി സമ്പർക്കത്തിലുള്ള നൂറിലധികം പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല. ആവശ്യമായ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്. കോഴിക്കോടുള്ളവരും ജില്ലയിലേക്കെത്തുന്നവരും മാസ്‌ക് ധരിക്കണം. രോഗ ഉറവിടകേന്ദ്രങ്ങളായ രണ്ടിടങ്ങളിൽ നിയന്ത്രണം കർശനമാക്കും. കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമെങ്കിൽ മറ്റ് ജില്ലകളിൽ നിന്ന് കോഴിക്കോട്ടെത്തിക്കും. ഇപ്പോൾ തന്നെ നിരവധി ഉദ്യോഗസ്ഥർ പ്രദേശത്തുണ്ട്. നിലവിൽ ചികിത്സയിലുള്ളവർക്ക് കൃത്യമായ ചികിത്സ ഉറപ്പുവരുത്തും. ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിലാണെന്നും മന്ത്രി പറഞ്ഞു.
ആദ്യം മരിച്ച വ്യക്തി തന്നെയാണ് കേന്ദ്ര ഉറവിടമെന്നാണ് കരുതുന്നത്. അദ്ദേഹം അങ്ങനെ പുറത്ത് പോകുന്ന വ്യക്തിയല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഇദ്ദേഹത്തിന് കോഴിക്കോട് തന്നെ ചില തോട്ടങ്ങളുള്ളിടത്ത് പോയതായും വിവരമുണ്ട്. ഇവയെല്ലാം സ്ഥിരീകരിക്കാൻ സാധിക്കുന്നവർ നിലവിൽ ഐസൊലേഷനിലാണെന്നത് ഒരു വിഷയമാണ്. എന്നാൽ പരമാവധി വിവരങ്ങൾ ശേഖരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളിൽ വിളിക്കാം.