നിപ; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജുകളില്‍ പരിശോധന നടത്തിയപ്പോള്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. 3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കാനും തീരുമാനമുണ്ട്.

പാലക്കാട് തച്ചനാട്ടുകര സ്വദേശിക്ക് പിന്നാലെയാണ് കോഴിക്കോട് മസ്തിഷ്‌ക മരണം സംഭവിച്ച പെണ്‍കുട്ടിക്കും രോ​ഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മലപ്പുറം മങ്കട സ്വദേശിനിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. സ്ഥിരീകരണത്തിനായി സാമ്പിൾ പുണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഈ മാസം ഒന്നിനാണ് 18 വയസുകാരി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവച്ച് മരിച്ചത്. കോഴിക്കോട്ട് എത്തുമ്പോൾ മസ്തിഷ്കമരണം സംഭവിച്ച നിലയിലായിരുന്നു.

ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. വളാഞ്ചേരി സ്വദേശിനിയായ 42-കാരിക്ക് മേയ് എട്ടിന് നിപ സ്ഥിരീകരിച്ചിരുന്നു. നിപ നെഗറ്റീവായ ഈ രോഗി അബോധാവസ്ഥയിൽ പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News