കൊച്ചി: നിപ വൈറസ് ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായി ചികില്‍സിക്കുന്ന ഡോക്ടര്‍. നേരത്തെ ഉണ്ടായിരുന്ന കഠിനമായ പനിയ്ക്ക് ശമനമുണ്ടെന്നും ഓര്‍മശക്തി നഷ്ടപ്പെടുന്ന അവസ്ഥയില്‍ മാറ്റമുണ്ടെന്നും ഡോക്ടര്‍ അനൂപ് വാര്യര്‍ പറഞ്ഞു.
റിബാവൈറിന്‍ മരുന്നിനോട് രോഗി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റിബാവൈറിന്‍ മരുന്ന് മാത്രമാണ് ചികിത്സയിലുള്ള രോഗിക്ക് ഇതുവരെ നല്‍കിയിരുന്നത്. നിപ ചികിത്സയ്ക്കുള്ള ഹ്യൂമണ്‍ മോണോക്ലോണല്‍ എന്ന മരുന്ന് പൂണെയില്‍ നിന്നും കൊച്ചിയില്‍ എത്തിച്ചിരുന്നുവെങ്കിലും ഇതുവരെ അത് രോഗിക്ക് നല്‍കിയിട്ടില്ല.
അതേസമയം വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഇന്നും ശ്രമം തുടരും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍കരണവും ഇന്ന് മുതല്‍ തുടങ്ങും. വൈകിട്ട് മൂന്നുമണിക്ക് എറണാകുളം കലക്ടറേറ്റില്‍ മുഖ്യമന്ത്രി വിളിച്ച ഉദ്യോഗസ്ഥരുടെ യോഗം നടക്കും. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും യോഗത്തില്‍ പങ്കെടുക്കും.