കോഴിക്കോട്: ജില്ലയിലെ നിപ രോഗ ബാധയിൽ ആദ്യ (ഇൻഡക്സ്) കേസ് പോസിറ്റീവാണെന്ന് കണ്ടെത്തുന്നത് ആരോഗ്യവകുപ്പിന് അപൂർവ നേട്ടമായി. ആദ്യം മരിച്ച മുഹമ്മദലിയുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ഇദ്ദേഹം നിപ പോസിറ്റീവ് ആണെന്ന് എൻ.ഐ.വി. പുണെയിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്.
ഓഗസ്റ്റ് 30-ന് മരിച്ച രോഗിയുടെ തൊണ്ടയിലെ സ്രവം കോഴിക്കോട് ഇഖ്റ ആശുപത്രിയിൽനിന്ന് ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. രോഗവ്യാപനം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽതന്നെ ആദ്യ കേസ് സ്ഥിരീകരിക്കുന്നത് ഒരു അപൂർവ നേട്ടമാണ്.
സ്വകാര്യാശുപത്രിയിൽ അസ്വാഭാവികമായ പനിയെപ്പറ്റി ആരംഭിച്ച ശാസ്ത്രീയാന്വേഷണമാണ് നിപ കണ്ടെത്തുന്നതിലേക്കും അതിന്റെ നിയന്ത്രണത്തിലേക്കും നയിച്ചത്. ഈ വ്യക്തിയിലേക്ക് രോഗം വന്ന സാഹചര്യവും രീതിയും കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനകൾ നടന്നുവരികയാണ്. ഇതിനായി രോഗം വരുന്നതിന് മുമ്പുള്ള ദിവസങ്ങളിലെ മുഹമ്മദലിയുടെ മൊബൈൽ ലോക്കേഷൻ ഉൾപ്പെടെ പരിശോധിക്കും.
സ്രവപരിശോധനയിൽ കോഴിക്കോട് കോർപ്പറേഷനിലെ 46-ാം ഡിവിഷനിലെ മുപ്പത്തിയൊമ്പതുകാരന് നിപ സ്ഥിരീകരിച്ചതോടെ ചെറുവണ്ണൂർ കുടുംബാരോഗ്യകേന്ദ്രവും നല്ലളം പോലീസുംചേർന്ന് മേഖലയിൽ പ്രതിരോധ മുൻകരുതൽനടപടി ഊർജിതമാക്കി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ മരിച്ച ആളിൽനിന്നാണ് ചെറുവണ്ണൂർ സ്വദേശിക്ക് രോഗബാധയുണ്ടായത്. പരിശോധനാഫലം വന്നയുടൻ ഇദ്ദേഹത്തിന്റെ വീട്ടുക്കാരെ ആരോഗ്യവകുപ്പ് അധികൃതർ സ്വയംനീരീക്ഷണത്തിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്. ഇദ്ദേഹം ആദ്യം ചികിത്സ തേടിയെത്തിയ ആശുപത്രിയിലെയും ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലെയും ആരോഗ്യപ്രവർത്തകരോടും ഇദ്ദേഹം ജോലിചെയ്തിരുന്ന സ്ഥലത്തെ പതിനാറ് തൊഴിലാളികളോടും സ്വയം നിരീക്ഷണത്തിൽ പോവാനും നിർദേശം നൽകി.
മേഖലയിലെ വിവാഹ, സത്കാര മരണാനന്തര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പിനെയും പോലീസിനെയും അറിയിക്കുവാനും നിർദേശം നൽകീട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിർദേശങ്ങൾ ജനങ്ങൾ പൂർണമായി പാലിക്കണമെന്ന് ഡിവിഷൻ കൗൺസിലറും നഗരസഭ സ്ഥിരംസമതി അധ്യക്ഷനുമായ പി.സി. രാജൻ അഭ്യർഥിച്ചു.