കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ നിയമനം അട്ടിമറിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് എംബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരി. മാധ്യമങ്ങൾ തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്ന് നിനിത ആരോപിച്ചു.ഏഴ് വര്‍ഷം മുന്‍പുള്ള ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റിലെ തൻ്റെ 212 ആം റാങ്ക് ചൂണ്ടിക്കാണിച്ചാണ് എല്ലാവരും സംസാരിക്കുന്നതെന്നും ഇത് വലിയ ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്നും നിനിത ആരോപിച്ചു.
ഏഴ് വർഷം മുൻപത്തെ റാങ്ക് ലിസ്റ്റിൽ തനിക്ക് 212 ആം സ്ഥാമാണുള്ളതെന്ന് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അതേ ലിസ്റ്റിൽ തന്നെക്കാള്‍ യോഗ്യരായവര്‍ ആരാണുള്ളതെന്ന് മാധ്യമങ്ങൾ തെളിയിക്കണമെന്നും നിനിത വെല്ലുവിളിച്ചു. തന്നേക്കാൾ ഉയർന്ന യോഗ്യതയുള്ളവർ ലിസ്റ്റിൽ ആരാണെന്നും അവരുടെ പേരുവിവരങ്ങളും റാങ്ക് ലിസ്റ്റില്‍ കാണിച്ചുതരാനാകുമോ എന്നും നിനിത ഒരു ചാനൽ ചര്‍ച്ചയ്ക്കിടയില്‍ അവതാരകനെ നേരിട്ട് വിളിച്ച് ചോദിച്ചു.
തനിക്കെതിരെ ഇപ്പോൾ നടന്നുകൊണ്ടിരുന്ന ചർച്ചകളുടെയും വിവാദങ്ങളുടെയും ലക്ഷ്യം താനല്ലെന്ന് ബോധ്യമുള്ളത് കൊണ്ടായിരുന്നു ആദ്യമൊന്നും വിഷയത്തോട് പ്രതികരിക്കാതിരുന്നതെന്ന് നിനിത പറയുന്നു. എന്നാൽ വിവാദമുണ്ടായ ശേഷം തന്നെ മാറ്റി നിര്‍ത്താന്‍ സമ്മര്‍ദ്ദമുണ്ടായ പശ്ചാത്തലത്തിലാണ് ജോലിക്ക് കയറാൻ തീരുമാനിച്ചത്.വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ജോലിയിൽ പ്രവേശിക്കണോയെന്ന സംശയത്തിലായിരുന്നു ആദ്യമെന്നും നിനിത പറഞ്ഞു.
നിനിതയുടെ നിയമനത്തിനെതിരെ ഇന്റര്‍വ്യൂ ബോര്‍ഡിലെ മൂന്ന് വിഷയ വിദഗ്ധര്‍ വിസിക്കും രജിസ്ട്രാര്‍ക്കും കത്ത് നല്‍കി. ലിസ്റ്റ് അട്ടിമറിച്ചതാണെന്നും നിനിത കണിച്ചേരി പട്ടികയിലുണ്ടായിരുന്നില്ലെന്നും മൂവരും കത്തില്‍ വ്യക്തമാക്കി. ഉദ്യോഗാര്‍ത്ഥിക്ക് യോഗ്യതയുണ്ടോ എന്ന് പരിശോധിക്കേണ്ടത് വിഷയ വിദഗ്ധരാണ്. ഇവരുടെ തെരഞ്ഞെടുപ്പ് അനുസരിച്ച് നിനിതയ്ക്ക് യോഗ്യത ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. മറ്റൊരു ഉദ്യോഗാര്‍ത്ഥിക്കായിരുന്നു മുസ്ലിം സംവരണ വിഭാഗത്തില്‍ വിഷയ വിദഗ്ധർ യോഗ്യത നൽകിയത്. ഈ പട്ടികയാണ് അട്ടിമറിക്കപ്പെട്ടത്.