കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ രാത്രി മുന്നറിയിപ്പില്ലാതെ തുറന്ന പത്തു ഷട്ടറുകളില്‍ ഒമ്പതെണ്ണം തമിഴ്നാട് അടച്ചു. ഇപ്പോള്‍ ഒരു ഷട്ടറുകള്‍ മാത്രമാണ് തുറന്നിരിക്കുന്നത്. വി3 ഷട്ടര്‍ 10 സെന്റിമീറ്റര്‍ തുറന്ന് 493 ക്യൂസെക്സ് വെള്ളമാണ് നിലവില്‍ പുറത്തേക്ക് ഒഴുക്കുന്നതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.
ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രാത്രിയും പുലര്‍ച്ചെയുമായി പത്തു ഷട്ടറുകള്‍ തമിഴ്നാട് തുറക്കുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ എട്ടു ഷട്ടറുകള്‍ അടച്ചു. തുറന്നിരുന്ന ശേഷിച്ച വി3, വി 4 ഷട്ടറുകളില്‍ വി 3 30 സെന്റിമീറ്ററില്‍ നിന്നും 10 സെന്റിമീറ്ററായി താഴ്ത്തുകയും, വി 4 ഷട്ടര്‍ രാവിലെ ആറരയോടെ അടയ്ക്കുകയുമായിരുന്നു. 1867 ക്യൂസെക്സ് ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രിയില്‍ ഡാം തുറന്നതോടെ വള്ളക്കടവിലെ നിരവധി വീടുകളില്‍ വെള്ളം കയറി. പുലര്‍ച്ചെ വീട്ടില്‍ വെള്ളം കയറിയപ്പോഴാണ് വിവരം അറിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശവുമായി എത്തിയ അനൗണ്‍സ്മെന്റ് വാഹനം നാട്ടുകാര്‍ തടഞ്ഞു. ഒരു മാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ രാത്രി 10 മണിക്ക് ശേഷം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിടുന്നത്.
സെക്കന്റില്‍ 8017 ഘനയടി വെള്ളമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുക്കിയത്. ഇന്നലെ വൈകീട്ട് വീണ്ടും മഴ പെയ്യുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകള്‍ തുറന്നത് ശരിയായില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍ പ്രതികരിച്ചു. രണ്ട് ദിവസം മുമ്പും സമാനമായ രീതിയില്‍ രണ്ട് ഷട്ടറുകള്‍ തുറന്നിരുന്നു. അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായി തുടരുകയാണ്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നു വിടുന്നതില്‍ പ്രതിഷേധവുമായി യുഡിഎഫ് എംപിമാര്‍. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംപിമാര്‍ അറിയിച്ചു. തമിഴ്നാടിന്റെ നടപടിയില്‍ പ്രതിഷേധിച്ച് രാവിലെ 10 ന് പാര്‍ലമെന്റിലെ ഗാന്ദി പ്രതിമയ്ക്ക് മുന്നില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും.