അമേരിക്കയിലും യു.എ.ഇയിലും; ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലും യുഎഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ആദ്യ കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍നിന്നും വന്ന യാത്രക്കാരനിലാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വ്യക്തിയാണ്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചത്.

നവംബര്‍ 22 ന് ആണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയത്. 29 ന് ആണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. ഇദ്ദേഹവുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെയെല്ലാം പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. എന്നാല്‍ എല്ലാവരും തന്നെ നെഗറ്റീവാണെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അറിയിച്ചു.

യുഎഇയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍നിന്നും എത്തിയ സ്ത്രീയിലാണ് വൈറസ് കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കത്തില്‍ എത്തിയവരെയും കാറന്റൈനിലാക്കി. ഗള്‍ഫ് രാജ്യങ്ങളിലെ ആദ്യ ഒമിക്രോണ്‍ കോവിഡ് കേസ് സൗദിയിലാണ് സ്ഥിരീകരിച്ചത്. ഉത്തര ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങിയെത്തിയ സൗദി പൗരനാണു രോഗബാധ.

രോഗിയെയും അയാളുമായി സന്പര്‍ക്കമുണ്ടായവരെയും ഐസൊലേഷനിലാക്കി. ദക്ഷിണകൊറിയയില്‍ ഇന്നലെ അഞ്ചു പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നേരത്തെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News