FeaturedNews

സുമിയില്‍ ബോംബ് ആക്രമണം; ഒമ്പത് പേര്‍ മരിച്ചു

കീവ്: യുക്രൈന്‍ നഗരമായ സുമിയില്‍ ബോംബ് ആക്രമണത്തില്‍ ഒന്‍പതു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവര്‍ സിവിലിയന്‍മാരാണോയെന്നു വ്യക്തമല്ല. വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ആക്രമണ വിവരം പുറത്തുവിട്ടത്.

മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലമാണ് സുമി. ഇവിടെനിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിക്കാന്‍ ഇന്നലെ നടത്തിയ ശ്രമം വിജയിച്ചിരുന്നില്ല. റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വിദ്യാര്‍ഥികളെ നഗരത്തിനു പുറത്തെത്തിക്കുന്നതിനു ബസുകളില്‍ കയറ്റിയെങ്കിലും ഷെല്ലിങ് തുടരുകയാണെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് തിരിച്ചറക്കി.

സുമി ഉള്‍പ്പെടെ യൂക്രൈനിലെ നാലു നഗരങ്ങളില്‍ റഷ്യ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കീവ്, ചെര്‍ണിഹീവ്, മരിയൂപോള്‍, സുമി എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍. ഇന്ത്യന്‍ സമയം 12.30 ന് വെടിനിര്‍ത്തല്‍ നിലവില്‍ വരുമെന്ന് റഷ്യ അറിയിച്ചു. ഇവിടങ്ങളില്‍ സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യ ഇടനാഴി തുറക്കുമെന്ന് യുഎന്നിലെ റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സ്യ അറിയിച്ചു.

യുക്രൈനില്‍ സൈനിക നടപടി ആരംഭിച്ചശേഷം, കഴിഞ്ഞ 24 മണിക്കൂറിനിടെ, 1,68,000 പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. 5550 പേര്‍ അതിര്‍ത്തി കടന്നു. യു്രൈകനില്‍ നിന്നും വരുന്ന സിവിലിയന്മാര്‍ക്ക് തങ്ങള്‍ താമസസൗകര്യം അടക്കം നല്‍കുന്നതായും റഷ്യന്‍ പ്രതിനിധി യുഎന്നില്‍ അറിയിച്ചു.

സുമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാനാകാത്ത വിഷയം ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി മാനുഷിക ഇടനാഴി ഒരുക്കിയില്ലെന്ന് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.ഇന്ത്യാക്കാര്‍ അടക്കം എല്ലാ സിവിലിയന്മാരെയും സുരക്ഷിതമായി പുറത്തെത്തിക്കണം. ഇതാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം റഷ്യയോടും യൂക്രൈനോടും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണെന്ന് ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.

യുക്രൈനില്‍ നിന്നും 20,000 ത്തോളം ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു.മറ്റു രാജ്യക്കാരെയും യു്രൈകനില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 80 ലേറെ വിമാനങ്ങളാണ് ഒഴിപ്പിക്കല്‍ ദൗത്യത്തിനായി പറന്നത്. ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കിയ യൂക്രൈന്‍ അധികൃതര്‍ക്കും അയല്‍രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കും പ്രത്യേകം നന്ദി അറിയിക്കുന്നതായും ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button