KeralaNews

‘എന്റെ ജീവന്‍ രക്ഷിക്കാനായി ശ്രമിക്കുന്നവര്‍ക്ക് നന്ദി’: യമന്‍ ജയിലില്‍ നിന്നും പ്രതീക്ഷയോടെ കത്തയച്ച് നിമിഷപ്രിയ

കൊച്ചി:തന്റെ മോചനത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് നന്ദിയറിയിച്ച് യമന്‍ ജയിലില്‍ നിന്നും കത്തയച്ച് നിമിഷപ്രിയ. തന്നെ രക്ഷിക്കുന്നതിനു വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്കാണ് നിമിഷപ്രിയ നന്ദി അറിയിച്ചിരിക്കുന്നത്. ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ക്കാണ് കത്ത് അയച്ചിരിക്കുന്നത്.

‘ഞാന്‍ നിമിഷപ്രിയ, ഈ യമന്‍ ജയിലില്‍ നിന്ന് എന്റെ ജീവന്‍ രക്ഷിക്കാനായി സഹായിക്കുന്ന വിദേശത്തും സ്വദേശത്തും ഉള്ള ഓരോ ബഹുമാനപ്പെട്ടവര്‍ക്കും, പ്രത്യേകമായി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അര്‍പ്പിക്കുന്നു’ ഇതാണ് കത്തിലുള്ളത്.

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കുന്നതിനായി വലിയ ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ എന്ന പേരില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ള അഭിഭാഷകന്റെയും എംബസിയുടെയും സഹായത്തില്‍ വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി തള്ളിയതോടെ മരണഭീതിയിലാണ് നിമിഷപ്രിയ.

കേസ് സുപ്രീം കോടതിയില്‍ പരിഗണനയ്ക്കു സമര്‍പ്പിക്കാന്‍ അവസരമുണ്ടെങ്കിലും പുനഃപരിശോധിക്കുന്ന പതിവില്ലാത്തത് വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനിടെയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ വലിയ പ്രചാരണ പരിപാടിയുമായി രംഗത്തെത്തിയത്.

നിമിഷപ്രിയ കൊലപ്പെടുത്തിയെന്ന് ആരോപിക്കുന്ന യമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ബ്ലഡ് മണി നല്‍കി ഒത്തു തീര്‍പ്പിലെത്താമോ എന്ന പരിശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇതിനായി നാലു കോടിയോളം രൂപ സമാഹരിക്കാനുള്ള പ്രചാരണ പരിപാടികളാണ് നടക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button