News

‘കൊവിഡ് ഉത്ഭവിച്ചത് ഉക്രൈനില്‍’; വിവാദമായി ചൈനീസ് മാധ്യമത്തിലെ ലേഖനം

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഇന്നും കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് കൊവിഡ് മഹാമാരിയുടെ ഉത്ഭവ സ്ഥാനം. മഹാമാരിയുടെ തുടക്കം തൊട്ടേ കൊവിഡിനോട് ചേര്‍ത്ത് വായിക്കുന്ന പേരാകട്ടെ ചൈനയുടേതും. കൊവിഡ് ഉത്ഭവിച്ചത് ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിലാണെന്നതും അതല്ല വുഹാനിലെ ഗവേഷകരുടെ പരീക്ഷണശാലയിലാണെന്നതും വസ്തുതകളോടെയും വാമൊഴിയായുമൊക്കെ പ്രചരിക്കുന്ന കഥകളാണ്. പല തവണ ചൈന ഇത് നിഷേധിച്ചെങ്കിലും ലോകരാജ്യങ്ങള്‍ ഒന്നും തന്നെ ഈ വാദം പൂര്‍ണമായി തള്ളിക്കളഞ്ഞിട്ടില്ല.

എന്നാലിപ്പോഴിതാ കൊവിഡിന്റെ ഉത്ഭവസ്ഥാനം ഉക്രൈനാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. ഉക്രൈനില്‍ യുഎസ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബയോലാബിലാണ് കൊവിഡ് ഉണ്ടായതെന്ന് ആരോപിച്ച് ചൈനീസ് ദേശീയമാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൈനീസ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചൈനീസ് ഭാഷയിലെഴുതിയിരിക്കുന്ന ലേഖനം ചൈനയില്‍ ട്വിറ്ററിന് തത്തുല്യമായ വെയ്ബോയില്‍ 167 കോടി തവണയാണ് വ്യൂ ചെയ്യപ്പെട്ടത്. ലേഖനത്തിന് മൂന്ന് ലക്ഷത്തോളം കമന്റുകളും ഉണ്ട്.

‘കൊറോണ വൈറസിനെ ഉത്പാദിപ്പിച്ചത് യുഎസ് കമ്പനിയെന്ന് ബ്രിട്ടീഷ് മാധ്യമത്തിന്റെ കണ്ടെത്തല്‍’ എന്ന തലക്കെട്ടോട് കൂടിയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഉക്രെയ്നിലുള്ള ലാബുകളില്‍ യുഎസ് ജൈവായുധങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന് റഷ്യ കണ്ടെത്തിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നുണ്ട്. പരീക്ഷണങ്ങള്‍ സംബന്ധിച്ചുള്ള രേഖകളില്‍ യുഎസ് ഗവണ്‍മെന്റ് ഡിപാര്‍ട്ടമെന്റ് മേധാവികളുടെ ഒപ്പുകളുണ്ടെന്നാണ് ലേഖനം വാദിക്കുന്നത്. നാല്പത്തിയഞ്ചോളം ചൈനീസ് പോര്‍ട്ടലുകളാണ് ലേഖനം പുനപ്രസിദ്ധീകരിച്ചിരിക്കുന്നത്.

സത്യം ഒരിക്കല്‍ പുറത്ത് വരുമെന്നും അന്ന് അമേരിക്കയുടെ മുഖംമൂടി അഴിയുമെന്നുമൊക്കെയാണ് മിക്ക പോര്‍ട്ടലുകളും ലേഖനത്തിനൊപ്പം ചേര്‍ത്തിരിക്കുന്നത്. യുഎസിനെ യുദ്ധക്കുറ്റവാളികളാക്കണമെന്നുള്ള അഭിപ്രായങ്ങളും ഇവര്‍ പങ്ക് വച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker