മലപ്പുറം: തൃശൂര്‍ പൂരം കലക്കലില്‍ ബിജെപിയെ കുറ്റം പറയാന്‍ പറ്റില്ലെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. അവര്‍ തിരഞ്ഞെടുപ്പ് തന്ത്രം പ്രയോഗിച്ചതാണെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരു കാരണവശാലും എംഎല്‍എ സ്ഥാനം രാജിവെക്കില്ലെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ആര്‍ക്കാണോ ബിജെപിക്കൊരു സീറ്റുണ്ടാക്കി കൊടുക്കേണ്ടത്, എന്തിന് വേണ്ടിയിട്ടാണോ ബിജെപിയെ കൂട്ടുപിടിക്കേണ്ടത് ആ വ്യക്തികള്‍ എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടാകും. ഇതില്‍ ബിജെപിയെ കുറ്റം പറയാന്‍ പറ്റില്ല. ബിജെപി നല്ല ഫൈന്‍ പ്ലേയാണ് കളിച്ചത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അതാണ്. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തന്ത്രം അവര്‍ പ്രയോഗിച്ചു. അവര്‍ അതില്‍ വിജയിച്ചു. അവരെ ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ പറ്റില്ല’; അന്‍വര്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ ഉണ്ടായിരുന്നെങ്കില്‍ തനിക്ക് ഇങ്ങനെ വന്നിരുന്ന് മൈക്കിന് മുമ്പില്‍ പറയേണ്ടി വരില്ലായിരുന്നുവെന്നും അന്‍വര്‍ പറഞ്ഞു. തനിക്ക് കണ്ണൂരില്‍ നിന്നും ഒരു സഖാവ് മെസേജ് അയച്ചുവെന്നും കോടിയേരിയുടെ മൃതദേഹം എകെജി സെന്ററില്‍ പൊതു ദര്‍ശനം വെക്കാതിരുന്നതില്‍ സങ്കടമുണ്ടായിരുന്നുവെന്നും പറഞ്ഞതായി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
‘കണ്ണൂരില്‍ നിന്നുമുള്ള ഒരു സഖാവിന്റെ വോയിസ് മെസേജ് വന്നു, നമുക്ക് ഒരുപാട് സങ്കടമുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട സഖാവായിരുന്നു കോടിയേരി സഖാവ്. ആ മനുഷ്യന്റെ മരണം നടന്നിട്ട് എകെജി സെന്ററില്‍ പൊതുദര്‍ശനം നടത്തിയില്ല. കേരളത്തിലുടനീളമുള്ള സഖാക്കള്‍ അതിന് വേണ്ടി കാത്തിരുന്നതാണ്.
യാത്രയയപ്പിന് സഖാവിന് കയ്യുയര്‍ത്തി ഇങ്ക്വിലാബ് വിളിക്കാന്‍ കാത്തിരുന്ന സഖാക്കളുണ്ടായിരുന്നു. ഞങ്ങള്‍ക്കാര്‍ക്കും കാണിച്ച് തന്നില്ല. ചെന്നൈയില്‍ നിന്ന് നേരെ കണ്ണൂരിലേക്ക് കൊണ്ടുവന്നു. അന്ന് വൈകുന്നേരം മുഖ്യമന്ത്രിക്കും കുടുംബത്തിനും ന്യൂയോര്‍ക്കിലേക്ക് പോകണം. അതിന് വേണ്ടി ചെയ്തതാണ്. അത്രമാത്രം ഞങ്ങള്‍ സഖാക്കളെ വേദനിപ്പിച്ച സംഭവമാണ്. സഖാവിനാണെന്റെ പിന്തുണ, എന്നായിരുന്നു സഖാവിന്റെ മെസേജ്’; എന്ന് അന്‍വര്‍ പറഞ്ഞു.
കോടിയേരി സഖാവുണ്ടെങ്കില്‍ ഇങ്ങനൊരു അവസ്ഥയില്‍ എനിക്ക് മൈക്കും വെച്ചിരിക്കേണ്ടി വരില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. കോടിയേരി ബാലകൃഷ്ണന്‍ വിഷയങ്ങള്‍ കേട്ട് പരിഹാരമുണ്ടാക്കുമെന്നും ഏതൊരു പാവപ്പെട്ട സഖാവ് പറയുന്നതിലും പരിഗണന നല്‍കുമായിരുന്നുവെന്നും അന്‍വര്‍ എംഎല്‍എ വ്യക്തമാക്കി.