തിരുവനന്തപുരം: വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും വിവരങ്ങള്‍ ശേഖരിക്കും. സംഭവത്തിന് പിന്നില്‍ പ്രത്യേക താത്പര്യമുള്ള ഏതെങ്കിലും സംഘങ്ങളുടെ ഇടപെടലുണ്ടോ എന്ന സംശയത്തിലാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്ന എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് ഉന്നതകേന്ദ്രങ്ങളില്‍നിന്ന് നിര്‍ദേശം ലഭിച്ചു.
പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെട്ടത് അടക്കമുള്ള സംഭവങ്ങള്‍ അതീവഗൗരവതരമാണെന്നാണ് എന്‍.ഐ.എ. വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിഴിഞ്ഞത്ത് എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍.ഐ.എ. സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ പി.എഫ്.ഐ. നിരോധനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ അന്വേഷണസംഘത്തോടാണ് വിഴിഞ്ഞത്ത് എത്തി വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, സ്റ്റേഷന്‍ ആക്രമിച്ച് മൂന്ന് ദിവസമായിട്ടും ഒരുപ്രതിയെ പോലും പിടികൂടാന്‍ പോലീസിനായിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിലുള്ളവരേയും പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. പ്രതികളെ പിടികൂടി കൂടുതല്‍ പ്രകോപനം ഉണ്ടാക്കേണ്ടതില്ലെന്ന് പോലീസുകാര്‍ക്ക് മുകളില്‍നിന്ന് നിര്‍ദേശം ലഭിച്ചതായാണ് സൂചന.
പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മോചിപ്പിക്കാനായി കഴിഞ്ഞ ഞായറാഴ്ചാണ് ജനക്കൂട്ടം സ്റ്റേഷന്‍ വളയുകയും പോലീസുകാരെ ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ 50ഓളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ചിലധികം പോലീസ് വാഹനങ്ങളും ആക്രമികള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ കണ്ടാലറിയാവുന്ന മൂവായിരം പേര്‍ക്കെതിരേ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും നടപടികളിലേക്ക് നീങ്ങാന്‍ പോലീസിനായിട്ടില്ല.
ഇതിനിടെ ഇന്ന് ഹിന്ദുഐക്യവേദി നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് പോലീസ് നോട്ടീസ് നല്‍കി. മാര്‍ച്ച് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി സംഘടനയായിരിക്കുമെന്നാണ് മുന്നറിയിപ്പ്. പോലീസിന്റെ അനുമതിയില്ലാതെ മാര്‍ച്ച് നടത്താനിരിക്കെയാണ് നോട്ടീസ്. വൈദികരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിനെതിരേയാണ് ഹിന്ദുഐക്യവേദിയുടെ മാര്‍ച്ച്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഏകദേശം 600 പോലീസുകാരെ വ്യന്യസിച്ചിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട് ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവരെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അറസ്റ്റുള്‍പ്പെടെ കൂടുതല്‍ നടപടികള്‍ ധൃതിപിടിച്ചുണ്ടാകില്ല. പോലീസിന്റെ ഉന്നതതലത്തില്‍നിന്നുള്ള നിര്‍ദേശങ്ങള്‍കൂടി സ്വീകരിച്ചാകും തുടര്‍ നടപടികള്‍. സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയിരുന്നു.
സുരക്ഷാ നേതൃത്വത്തിന് പ്രത്യേക ഡി.ഐ.ജി.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരദേശ മേഖലകളുടെ സുരക്ഷാക്രമീകരണങ്ങള്‍, ക്രമസമാധാനം എന്നിവയുടെ ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസറായി തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ആര്‍. നിശാന്തിനിയെ നിയോഗിച്ചു.
വിഴിഞ്ഞം മേഖലയിലെ ക്രമസമാധാന പാലനത്തിന് എസ്.പി.മാരായ കെ.ഇ. ബൈജു, കെ.കെ. അജി എന്നിവരെയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കീഴില്‍ നിയോഗിച്ചിട്ടുണ്ട്്.
തീരദേശത്തെ സ്റ്റേഷനുകള്‍ക്ക് എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ രണ്ടാഴ്ചത്തേക്ക് പ്രത്യേക ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അവധിയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരിച്ചുവിളിച്ചു. പോലീസുകാര്‍ക്ക് അവധിക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. വനിതാ പോലീസുകാരുടെ പരിശീലനം നിര്‍ത്തി സ്റ്റേഷനുകളിലേക്ക് തിരികെ നിയോഗിച്ചു. ശബരിമല അടക്കമുള്ള ഇടങ്ങളില്‍നിന്ന് അവശ്യം വേണ്ടവരെ ഒഴികെ തിരികെ വിളിച്ചിട്ടുമുണ്ട്.