എലത്തൂർ ട്രെയിൻ തീവെപ്പുകേസ് എൻഐഎ ഏറ്റെടുത്തു; ഷാരൂഖ് സെയ്ഫിയെ വിയ്യൂരിലേക്ക് മാറ്റും
കൊച്ചി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. എന്‍ഐഎയുടെ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുക. കേസ് ഏറ്റെടുക്കാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. സംഭവത്തില്‍ തീവ്രവാദ ബന്ധം ഉണ്ടെന്ന് പോലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്.
പ്രതി ഷാരൂഖ് സെയ്ഫിയ്‌ക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. തീവെപ്പിന് പിന്നാലെ തന്നെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രതി ഷാരൂഖ് സെയ്ഫി ലക്ഷ്യമിട്ടത് ട്രെയിന്‍ അട്ടിമറിയും കൂട്ടക്കൊലപാതകവുമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഇതുസംബന്ധിച്ച വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ മറ്റു രണ്ടു കോച്ചുകളില്‍ നിരീക്ഷണം നടത്തിയശേഷമാണ് ഷാരൂഖ് ഡി-1 കോച്ചില്‍ എത്തിയത്. തുടര്‍ന്ന് ഇതിലും ഏറെനേരം നിരീക്ഷിച്ച് അവിടെത്തന്നെ ആക്രമണം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ കസ്റ്റഡികാലാവധി അവസാനിച്ച ഷാരൂഖ് സെയ്ഫിയെ കോടതി റിമാന്‍ഡ് ചെയ്തു. ഷാരൂഖിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും.